എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കോടതിയിൽ ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ. വ്യക്തിഹത്യയാണ് നവീന്റെ മരണകാരണം. യാത്രയയപ്പ് യോഗം നടന്നത് ഭീഷണി സ്വരത്തിലാണെന്നും പരിപാടി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകനെ മുൻകൂട്ടി നിയോഗിച്ചെന്നും വിഷ്വൽ വാങ്ങി പ്രചരിപ്പിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ആസൂത്രണത്തിനെ സാധൂകരിക്കുന്നതാണ് പ്രചരിച്ച വീഡിയോ. അത് പത്തനംതിട്ടയിൽ പോലും പ്രചരിച്ചു എഡിഎം ഇനി പോകുന്ന സ്ഥലത്തും അപമാനിക്കാനായിരുന്നു ദിവ്യയുടെ ശ്രമമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രോസിക്യൂഷന്റെ വാദങ്ങൾ ഇങ്ങനെ
പിപി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴിയുണ്ട്, സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യോഗത്തിൽ ദിവ്യ പങ്കെടുക്കേണ്ട ആവശ്യമില്ല. കളക്ടർ അരുൺ കെ വിജയനോട് ദിവ്യ എഡിഎമ്മിനെക്കുറിച്ചുള്ള പരാതി രാവിലെ പറഞ്ഞിരുന്നു എന്നാൽ യാത്രയയപ്പ് പരിപാടിയിൽ അഴിമതി ആരോപണം ഉന്നയിക്കരുതെന്ന് കളക്ടർ ദിവ്യയോട് രണ്ട് തവണ പറഞ്ഞു. മരിച്ച നവീൻ ബാബുവിനും മക്കളുണ്ട്. എന്ത് സന്ദേശമാണ് ദിവ്യ സമൂഹത്തിന് നൽകിയത്? പ്രോസിക്യൂഷൻ ചോദിച്ചു.ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കാൻ സംവിധാനങ്ങൾ ഇല്ലേ? അല്ലാതെ മൈക്ക് കെട്ടി പ്രസംഗിക്കുകയല്ല വേണ്ടത്. സത്യസന്ധനായ ഉദ്യോഗസ്ഥന് താങ്ങാനാവാത്ത വേദനയുണ്ടാക്കി
സംഭവത്തിന് ശേഷവും നവീൻ ബാബുവിനെ ദിവ്യ താറടിച്ച് കാണിച്ചു. എഡിഎമ്മിനെതിരെയുള്ള പരാതി വ്യാജമാണ്. പ്രശാന്തന്റെ ഒപ്പുകളിലെ വൈരുധ്യം കണ്ടെത്തിയിരുന്നു. നവീന്റെ മരണത്തിന് ശേഷം പരാതി സൃഷ്ടിച്ചതാണ്. അഴിമതി നടന്നെങ്കിൽ പരാതി നൽകേണ്ടത് ഔദ്യോഗിക സംവിധാനങ്ങൾക്കാണ്.
അത് ചെയ്യാതെ വ്യക്തിഹത്യ ചെയ്യുകയാണ് ഉണ്ടായത്.
എഡിഎമ്മിനോട് പ്രശാന്തന്റെ പെട്രോൾ പമ്പ് തുടങ്ങുന്ന സ്ഥലം പോയി കാണാൻ പറയാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എന്ത് അംഗീകാരമാണ് ഉള്ളത്? പെട്രോൾ പമ്പ് ബിനാമി ഇടപാടും അതിലെ ദിവ്യയുടെ പങ്കും അന്വേഷിക്കണം. കൃത്യമായ ആസൂത്രണവും ലക്ഷ്യവും ഇതിന് പുറകെ ദിവ്യക്ക് ഉണ്ടായിരുന്നു. പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയിൽ വരുന്നതല്ല
പിന്നെ എങ്ങനെ ദിവ്യ ഇടപെട്ടു?മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.