Breaking News

പ്രവാസി മലയാളികൾക്കും കാർഷിക മേഖലയ്ക്കും കേരള കോൺഗ്രസിൻ്റെ സേവനം നിസ്തുലം; ജോബ് മൈക്കിൾ എം എൽ എ

Spread the love


ദുബായ്: കേരളത്തിൻറെ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും പ്രവാസി മലയാളികളുടെ ക്ഷേമത്തിനുമായി കേരള കോൺഗ്രസ് നൽകിയ സംഭാവന നിസ്തുലമെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. പ്രവാസി കേരളാ കോൺഗ്‌സ് (എം) യു.എ.ഇ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ കേരളാ കോൺഗ്രസ് അറുപതാം ജന്മദിനവാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ ആരാധ്യനായ നേതാവ് കെഎം മാണി സാർ തൻറെ പതിമൂന്ന് ബഡ്ജറ്റിലൂടെ കേരളത്തിലെ കാർഷിക മേഖലയ്ക്കും നാടിൻറെ സമഗ്ര വികസനത്തിനും വേണ്ടി ചെയ്ത സംഭാവനകൾ കേരളം എക്കാലവും ഓർമ്മിക്കും. കാരുണ്യ ബെനവലൻ്റ് പദ്ധതി മാത്രം മതി അദ്ദേഹത്തിൻറെ മനസ്സിലെ നന്മ തിരിച്ചറിയുവാൻ. കേരള കോൺഗ്രസ് എന്ന പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനം 60 വർഷം പൂർത്തിയാക്കി എന്നത് തന്നെ കെഎം മാണി എന്ന നേതാവിൻ്റെ ദീർഘവീക്ഷണത്തിൻ്റെ ഉദാഹരണമാണ്. മാണിസാർ പകർന്ന് നൽകിയ അധ്വാനവർഗ്ഗ സിദ്ധാന്തവും കർഷകാഭിമുഖ്യ നിലപാടുകളുമാണ് ഈ പാർട്ടിയുടെ അടിത്തറ. അതിൽ ചുവടുറപ്പിച്ച് പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ വിഷൻ 2030 എന്ന ലക്ഷ്യം മുൻനിർത്തി പാർട്ടി മുന്നേറുകയാണ്. ഈ സാമൂഹ്യ മുന്നേറ്റത്തിൽ കേരള കോൺഗ്രസിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുവാൻ പ്രവാസികളെ അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രവാസി കേരളാ കോൺഗ്‌സ് (എം) യു.എ.ഇ ചാപ്റ്റർ പ്രസിഡണ്ട് ഷാജു പ്ലാത്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളാ കോൺഗ്‌സ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ഏബ്രഹാം.പി.സണ്ണി, കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം മാത്യു ഉഴവൂർ,രാജേഷ് ആറ്റുമാലിൽ, റോയി പനവിള, ഡയസ് ഇടിക്കുള, ബാബു കുരുവിള, അലൻ തോമസ്, ജേക്കബ് ബെന്നി, ഷാജി പുതുശ്ശേരി, എബി എരുമേലി, ഷാജി പുളിക്കിയിൽ, ബഷീർ വടകര, ജെൻ്റിൽ എന്നിവർ പ്രസംഗിച്ചു. മുതിർന്ന പ്രവാസി നേതാക്കളായ സെബാസ്റ്റ്യൻ പി.ജെ, ഫിലിപ്പ് കൊല്ലശ്ശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

You cannot copy content of this page