മലയാളിയുടെ പ്രിയപ്പെട്ട അഭിനേത്രി ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് പതിനെട്ട് വര്‍ഷം. സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ശ്രീവിദ്യ എക്കാലവും ഓര്‍ത്തുവക്കാവുന്ന നിരവധി കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചു. അഭിനയം ലഹരിയായിരുന്നു ശ്രീവിദ്യക്ക് . മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ നിറഞ്ഞു നിന്ന നായികയാണ് ശ്രീവിദ്യ.പ്രണയം, വാല്‍സല്യം, പിണക്കം , പ്രതികാരം ഏത് വികാരവും അനായാസം വഴങ്ങി ശ്രീവിദ്യക്ക്. മലയാള സിനിമയിലെ ശക്തമായ പല സ്ത്രീ കഥാപാത്രങ്ങളെയും അസാധാരണമായ അഭിനയത്തിലൂടെ അനശ്വരമാക്കി ശ്രീവിദ്യ. സ്വാതി തിരുനാള്‍, ദൈവത്തിന്റെ വികൃതികള്‍ , കാറ്റത്തെ കിളിക്കൂട്, ആദാമിന്റെ വാരിയെല്ല് ഇരകള്‍ എന്നീ ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രീവിദ്യയ്ക്ക് സാധിച്ചു.
അഭിനയം മാത്രമല്ല നല്ലൊരു നര്‍ത്തകികൂടിയായിരുന്നു ശ്രീവിദ്യ. അമ്മ പ്രശസ്ത സംഗീതജ്ഞയായ എം.എല്‍.വസന്തകുമാരിയെ പോലെ ശ്രീവിദ്യയും നന്നായി പാടുമായിരുന്നു. അപൂര്‍വമായി അവര്‍ സിനിമകളില്‍ പാടിയ പാട്ടുകള്‍ ഏറെ ജനപ്രിയമായി. ഏത് കഥാപാത്രത്തെയും മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞ ദക്ഷിണേന്ത്യയിലെ മികച്ച അഭിനേത്രിയായി ശ്രീവിദ്യ മാറി. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു
പലതലമുറകളിലെ നായകന്‍മാര്‍ക്കൊപ്പം ശ്രീവിദ്യ മികച്ച സംവിധായകരുടെ ചിത്രങ്ങളില്‍ വേഷമിട്ടു. ജീവിതത്തില്‍ വലിയ തിരിച്ചടികള്‍ നേരിട്ടപ്പോഴും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം ശ്രീവിദ്യയെ എല്ലാം മറക്കാന്‍ സഹായിച്ചു.