രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ അറ്റദായത്തില്‍ 23.4 ശതമാനം വര്‍ധന. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 6,539 കോടി രൂപയായി. ജൂലായ് തുടക്കത്തില്‍ താരിഫ് വര്‍ധിപ്പിച്ചതാണ് കമ്പനിക്ക് നേട്ടമായത്.
ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 195.1 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായി നാല് മാസം 181.7 രൂപയായിരുന്നു. വാര്‍ഷിക അടിസ്ഥാനത്തില്‍ 7.4 ശതമാനമാണ് ഈയിനത്തിലെ വരുമാന വര്‍ധന. താരിഫ് വര്‍ധനയിലെ നേട്ടം പൂര്‍ണമായി പ്രതിഫലിക്കുക അടുത്ത പാദത്തിലെ പ്രവര്‍ത്തന ഫലത്തിലായിരിക്കുമെന്ന് കമ്പനി അറിയിച്ചു. രണ്ടാം പാദത്തിലെ വരുമാനം 18 ശതമാനം കൂടി 31,709 കോടിയായി. മുന്‍ പാദത്തെ അപേക്ഷിച്ച് 12.8 ശതമാനമാണ് വര്‍ധന.
14.8 കോടി വരിക്കാര്‍ 5ജിയിലേക്ക് മാറിയതായും കമ്പനി അറിയിച്ചു. അതേസമയം, നടപ്പ് പാദത്തില്‍ 1.09 കോടി വരിക്കാരെ ജിയോക്ക് നഷ്ടമായി. തുടര്‍ച്ചയായി ഏഴ് പാദങ്ങളില്‍ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ ശേഷമാണ് ആദ്യമായി ഇടിവ് രേഖപ്പെടുത്തുന്നത്. ആദ്യ പാദത്തില്‍ 48.97 കോടി വരിക്കാരായിരുന്നു ഉണ്ടായിരുന്നത്. രണ്ടാപാദത്തിലാകട്ടെ 47.88 കോടിയായി.
ഡാറ്റ ഉപയോഗം 24% വര്‍ധിച്ച് 45 ബില്യണ്‍ ജിബി ആയി. വോയ്സ് ട്രാഫിക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.4% വര്‍ധിച്ച് 1.42 ലക്ഷം കോടി മിനിറ്റിലെത്തി. ജിയോ എയര്‍ ഫൈബര്‍ വരിക്കാരുടെ എണ്ണത്തിലും നേട്ടമുണ്ടായി. 28 ദശലക്ഷം വീടുകളെ ജിയോ എയര്‍ ഫൈബര്‍ വഴി ബന്ധിപ്പിക്കാനായി.