രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

Spread the love

വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് നടക്കും. രാവിലെ പത്ത് മണി മുതൽ മുംബൈ NCPA ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. മഹാരാഷ്ട്രയിൽ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ അറിയിച്ചു.

അനുശോചന കുറിപ്പിലൂടെ രാഷ്ട്രപതി ദ്രൗപദി മുർമു രത്തൻ ടാറ്റയ്ക്ക് ആദരമർപ്പിച്ചു. ദീർഘവീക്ഷണവും അനുകമ്പയുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യവസായത്തിലും ജീവകാരുണ്യത്തിലും ശാശ്വതമായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.

രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുട‍ർന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു.

ബുധനാഴ്ച രാത്രി 11.45ഓടെയാണ് രത്തൻ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റയെ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചിരുന്നു.

You cannot copy content of this page