Breaking News

ക്രൈസ്തവനും ഹിന്ദു വിരുദ്ധനുമെന്ന ആരോപണത്തെ തടയാൻ വിജയ്; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളന സ്ഥലത്ത് ഇന്ന് ഭൂമിപൂജ

Spread the love

ചെന്നൈ: നടൻ വിജയ് രൂപംകൊടുത്ത രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനം നടക്കുന്ന സ്ഥലത്ത് ഇന്ന് ഭൂമിപൂജ. ഇന്നു നടക്കുന്ന ഭൂമി പൂജയിലും പന്തലിന്റെ കാൽനാട്ട് ചടങ്ങിലും വിജയ് പങ്കെടുക്കും. വിജയ് ക്രൈസ്തവ വിശ്വാസിയാണെന്നും ഹിന്ദു വിരുദ്ധനാണെന്നുമുള്ള ബിജെപിയുടെ പ്രചാരണങ്ങളെ തടയിടുകയാണ് ഭൂമിപൂജയിലൂടെ വിജയ് ലക്ഷ്യമിടുന്നത്.

ജാതിമത വിഭജനശക്തികളെ എതിർക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഡി.എം.കെ.യെപ്പോലെ നിരീശ്വരവാദ രാഷ്ട്രീയമായിരിക്കും വിജയ് പിന്തുടരുകയെന്ന് കരുതിയിരുന്നത്. എന്നാൽ, വിശ്വാസത്തെ കൈവിടില്ലെന്ന സൂചനയാണ് ഭൂമിപൂജയിലൂടെ താരം നൽകുന്നത്. തമിഴ് വൈകാരികതയും ദളിത് അനുകൂല നിലപാടും ഉയർത്തിക്കാട്ടി രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ് വിശ്വാസത്തിനും പ്രാധാന്യം നൽകുന്നെന്ന സന്ദേശം നൽകുകയാണ് ഭൂമിപൂജയിലൂടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

സിനിമകളിലൂടെ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിനെത്തുടർന്ന് ജോസഫ് വിജയ് എന്ന പേര് ചൂണ്ടിക്കാട്ടി വിജയ് ക്രൈസ്തവ വിശ്വാസിയാണെന്ന് പറഞ്ഞ് ബി.ജെ.പി. വിമർശിച്ചിരുന്നു. പാർട്ടി ആരംഭിച്ചപ്പോഴും സമാനമായ ആരോപണം ബി.ജെ.പി. നേതാക്കൾ ഉന്നിയിച്ചിട്ടുണ്ട്. വിജയ്‌യുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ ക്രിസ്ത്യാനിയും അമ്മ ശോഭ ഹിന്ദുവുമാണ്. എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്ന വ്യക്തിയാണ് വിജയ് എന്നാണ് നേരത്തേ ഇതുസംബന്ധിച്ച വിവാദങ്ങൾ വന്നപ്പോൾ ചന്ദ്രശേഖർ വിശദീകരിച്ചത്. ടി.വി.കെ. സമ്മേളനം നടത്താനുള്ള സമയം നിശ്ചയിക്കാൻ ജ്യോതിഷിയുടെ സഹായം തേടിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഹിന്ദുവിരുദ്ധനാണെന്ന ആരോപണം തടയാൻകൂടിയാണ് വിജയ് യുടെ നീക്കമെന്ന് കരുതപ്പെടുന്നു.

വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ 27-നാണ് സമ്മേളനം. അഞ്ചുലക്ഷത്തിലേറെപ്പേരെ പങ്കെടുപ്പിക്കുന്ന സമ്മേളനം നടത്താനാണ് ടി.വി.കെ. ഒരുങ്ങുന്നത്. ഇതിനായി വിജയ് പാർട്ടി നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. ഒരു ജില്ലയിൽനിന്ന് 10,000 പേരെ വീതം എത്തിക്കാനാണ് തീരുമാനം. കേരളമടക്കം അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ആരാധകരും പങ്കെടുക്കും.

You cannot copy content of this page