‘തത്കാലം ഒഴിഞ്ഞുപോകണം, പിന്നീട് തിരിച്ചെത്താം’; ലെബനനിലെ ജനങ്ങളോട് നെതന്യാഹു

Spread the love

ജറുസലേം: യുദ്ധം ലെബനനെതിരെയോ അവിടുത്തെ ജനങ്ങള്‍ക്കെതിരെയോ അല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ സംഘത്തിനെതിരെയാണ് നടപടി. ഇപ്പോള്‍ പ്രദേശത്തുനിന്ന് ദയവായി ഒഴിഞ്ഞുപോകണം. സൈനിക നടപടി അവസാനിക്കുന്നതോടെ നിങ്ങള്‍ക്ക് സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചെത്താം – വ്യോമാക്രമണത്തിനുശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു. ലെബനനിലെ ജനങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി. ജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഹിസ്ബുള്ള ഉയര്‍ത്തുന്നത്. നിങ്ങളുടെ വീട്ടിലെ മുറികളിലും ഗ്യാരേജിലും അവര്‍ മിസൈലുകളും റോക്കറ്റുകളും വയ്ക്കുന്നു. നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവിതങ്ങളില്‍ കൈകടത്താന്‍ ഹിസ്ബുള്ളയെ അനുവദിക്കരുതെന്നും വീഡിയോ സന്ദേശത്തില്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 പേര്‍ മരിച്ചിരുന്നു. 2006-ലെ ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തിനുശേഷം ഇത്രയധികംപേര്‍ ആക്രമണത്തില്‍ മരിക്കുന്നത് ഇപ്പോഴാണ്. ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ വ്യോമാക്രമണത്തിന് പിന്നാലെയാണ് വീഡിയോ സന്ദേശം പുറത്തുവിട്ടത്.

വ്യാമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ഉത്തരവിട്ടിരുന്നു. തെക്കുള്ള തുറമുഖനഗരമായ സീദോനില്‍നിന്നും മറ്റു പ്രദേശങ്ങളില്‍നിന്നും തലസ്ഥാനമായ ബയ്റുത്തിലേക്ക് ഒഴിഞ്ഞുപോകുന്നവരുടെ വാഹനങ്ങള്‍കൊണ്ട് റോഡുകള്‍ നിറഞ്ഞു. 2006-ലെ ഹിസ്ബുള്ള-ഇസ്രയേല്‍ യുദ്ധത്തിനുശേഷമുള്ള ഏറ്റവുംവലിയ പലായനമാണിത്.

ലെബനനിലെ സ്‌കൂളുകളും സര്‍വകലാശാലകളും അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. തെക്കുനിന്ന് പലയാനം ചെയ്യുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിത്തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. അടിയന്തര ആവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ തെക്കന്‍ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് നിര്‍ദേശിച്ചു. ഇസ്രയേലിന്റെ ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പരിക്കേറ്റെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കാനാണിത്.

You cannot copy content of this page