Breaking News

ലെബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു; മരിച്ചവരില്‍ 35 പേര്‍ കുഞ്ഞുങ്ങള്‍

Spread the love

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉള്‍പ്പെടുന്നു. 1645ഓളം പേര്‍ക്ക് പരുക്കേറ്റെന്ന് ലെബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 2006 ല്‍ ഇസ്രയേല്‍ ഹിസ്ബുല്ല യുദ്ധത്തിന് ശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റഴും രൂക്ഷമായ ആക്രമണമാണിത്. ദക്ഷിണ ലെബനോനില്‍ ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടത്. ഹിസ്ബുല്ല ആയുധങ്ങള്‍ സൂക്ഷിച്ച സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം. ഇസ്രയേല്‍ വംശഹത്യയാണ് നടത്തുന്നതെന്ന് ലെബനനന്‍ പ്രതികരിച്ചു. സംഘര്‍ഷ ബാധിത പ്രദേസങ്ങളില്‍ നിന്ന് ഇപ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചതിന് പിന്നാലെ ഹിസ്ബുള്ള വടക്കന്‍ ഇസ്രയേലില്‍ റോക്കറ്റ് ആക്രമണം നടത്തി. ഹിസ്ബുള്ള 300ഓളം റോക്കറ്റുകള്‍ അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലെബനനിലെ ബെകാ വാലിയില്‍ വന്‍ തോതില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായി ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗറി അറിയിച്ചു. ബിന്റ് ജെബെയില്‍, ഐതറൗണ്‍, മജ്ദല്‍ സെലം, ഹുല, ടൂറ, ക്ലൈലെ, ഹാരിസ്, നബി ചിറ്റ്, തരയ്യ, ഷ്മെസ്റ്റാര്‍, ഹര്‍ബത്ത, ലിബ്ബായ, സോഹ്‌മോര്‍ എന്നിവയുള്‍പ്പെടെ ലെബനനിലെ പ്രധാന കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ലക്ഷ്യമിട്ടത്. സ്ഥിതിഗതികള്‍ അപകടകരമായ നിലയില്‍ തുടരുകയാണെന്നും നയതന്ത്ര ശ്രമങ്ങളോട് സഹകരിക്കാന്‍ തയാറാകണമെന്നും ലെബനനിലെ യുഎന്‍ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

You cannot copy content of this page