നിപ രോഗ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും കേന്ദ്ര സംഘമെത്തും. നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങൾ വീണ്ടും പഠനം നടത്തനായി കേരളത്തിലേക്ക് എത്തുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം നടക്കുക.
കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങൾ സംഘം സന്ദർശിക്കും. രോഗവാഹകരെന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും. അതേസമയം നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 267 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 37 പേരുടെ സാമ്പിൾ നെഗറ്റീവായി.
സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 90 പേർ സെക്കൻഡറി കോൺടാക്ട് പട്ടികയുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂർ പഞ്ചായത്തുകളിലായി നടത്തി വന്ന ഫീൽഡ് സർവെ പൂർത്തിയായി.