Breaking News

കടം വാങ്ങിയതിൽ അമ്പതിനായിരം രൂപ കളഞ്ഞു പോയി; പണം വിവാഹത്തിന് തികയില്ലെന്ന മനഃപ്രയാസത്തിൽ നാടുവിട്ടു; പല ബസുകൾ കയറി ഇറങ്ങി ഊട്ടിയിലെത്തി; വിഷ്ണു ജിത്തിനെ മലപ്പുറം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു

Spread the love

മലപ്പുറം: മലപ്പുറത്ത് കാണാതായ പ്രതിശ്രുതവരൻ വിഷ്ണു ജിത്തിനെ മലപ്പുറം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കാണാതായി ആറാം ദിവസമാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് നാടു വിട്ടതെന്ന് ആണ് യുവാവ് പോലീസിനോട് പറഞ്ഞത്. ഇയാളുടെ ഫോൺ ഓൺ ആയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ കളഞ്ഞു പോയി. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാൽപതിനായിരം രൂപ മാത്രമായിരുന്നു. ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടതെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. മനപ്രയാസത്തിൽ പല ബസുകൾ കയറി ഇറങ്ങി ഊട്ടിയിലെത്തുകയായിരുന്നു.

ഊട്ടിയിൽ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചുവെന്നും വിഷ്ണു പറയുന്നു. ഈ വിളി പിന്തുടർന്നാണ് പൊലീസ്‌ വിഷ്ണു ജിത്തിലേക്ക് എത്തിയത്. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. വിവാഹത്തിന് മൂന്ന് ദിവസം മുന്‍പാണ് പണത്തിന്‍റെ ആവശ്യത്തിനായി വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി.

പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്‍റിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. സാമ്പത്തിക ഇടപാടിന്‍റെ പേരിൽ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്തെന്നായിരുന്നു സംശയം. വിഷ്ണു ജിത്തിനെ വൈദ്യ പരിശോധനക്ക് ശേഷം അൽപസമയത്തിനകം മലപ്പുറത്ത് കോടതിയിൽ ഹാജരാക്കും.അതേസമയം പണത്തിന്റെ ബുദ്ധിമുട്ടിനേക്കുറിച്ച് മകൻ പറഞ്ഞിരുന്നില്ലെന്ന് മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന്റെ അമ്മ ജയ. പാലക്കാട് ഒരു ഐസ്ക്രീം കമ്പനിയിലായിരുന്നു വിഷ്ണു ജോലി ചെയ്തിരുന്നത്. പാലക്കാടേയ്ക്ക് പോയത് പണം സംഘടിപ്പിക്കാനായിരുന്നുവെന്ന് അറിയില്ലായിരുന്നു. ഉറങ്ങിയെഴുന്നേറ്റ വസ്ത്രത്തിലാണ് വിഷ്ണു വീട് വിട്ടത്. ആ സമയത്ത് അവന്റെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നും ജയ പറഞ്ഞു.

കല്യാണത്തിന് ആവശ്യമായ പണം കണ്ടെത്താൻ കഴിയാത്തത് ആകാം മകനെ വീട് വിടാൻ പ്രേരിപ്പിച്ചതെന്നാണ് ജയയുടെ പ്രതികരണം. താലിയും മാലയും വാങ്ങിയിരുന്നില്ല. ഇത് താൻ വാങ്ങിക്കൊള്ളാമെന്നായിരുന്നു വിഷ്ണുജിത്ത് പറഞ്ഞിരുന്നത്. പണത്തിന്റെ ബുദ്ധിമുട്ടിനേക്കുറിച്ച് മകൻ പറഞ്ഞിരുന്നില്ലെന്നും അവർ വ്യക്തമാക്കി. സാമ്പത്തിക ഇടപാടിന്‍റെ പേരിൽ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്തെന്ന ആശങ്കയിലായിരുന്നു കുടുംബമുണ്ടായിരുന്നത്.

You cannot copy content of this page