Breaking News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും; കേസെടുക്കേണ്ടതുണ്ടോ എന്നതടക്കം പരിശോധിക്കും

Spread the love

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ആക്ടിങ് ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയ പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന ലൈംഗിക പീഡന ആരോപണങ്ങളില്‍ ക്രിമിനല്‍ കേസെടുക്കേണ്ടതുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10.15ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക കേസായി കോടതി പരിഗണിക്കും.

നാലര വര്‍ഷത്തോളം സര്‍ക്കാരിന്റെ കൈവശമായിരുന്നു ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. അതിനുശേഷം വലിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ടിലെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കികൊണ്ട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്. എന്നാല്‍ അനുബന്ധ രേഖകളടക്കം ഉള്‍പ്പെടുന്ന പൂര്‍ണമായ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് സര്‍ക്കാര്‍ ഇന്ന് മുദ്രവെച്ച കവറില്‍ ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിക്കുന്നത്.

റിപ്പോര്‍ട്ട് എന്നതിനപ്പുറത്തേക്ക് ഇരകളുടെ മൊഴികളിന്മേല്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെടല്‍. റിപ്പോര്‍ട്ടില്‍ പറയുന്ന ലൈംഗിക പീഡന ആരോപണങ്ങളിന്മേല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടോയെന്നാണ് കോടതി പരിശോധിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത് ജസ്റ്റിസുമാരായ എ.കെ ജയശങ്കര്‍ നമ്പ്യാരും സി.എസ് സുധയും ചേര്‍ന്ന രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ്. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി നേരത്തെ കോടതി പരിഗണിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവിഷന്‍ ബെഞ്ച് രൂപവത്കരിച്ചത്.

സെപ്റ്റംബര്‍ പത്തിന് മുമ്പ് റിപ്പോര്‍ട്ട് കൈമാറണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകളടക്കം മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങളടക്കം നല്‍കണമെന്നുള്ളതാണ് കോടതി നിര്‍ദ്ദേശം.

You cannot copy content of this page