Breaking News

ആശുപത്രികളില്‍ ഇനി സിനിമ ചിത്രീകരിക്കാനാകില്ല; ഷൂട്ടിങ്ങിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി മനുഷ്യാവകാശ കമ്മീഷൻ

Spread the love

കൊച്ചി:സർക്കാർ ആശുപത്രിയില്‍ സിനിമാ ഷൂട്ടിംഗ് വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്. ജൂണില്‍ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ഫഹദ് ഫാസില്‍ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കരുതെന്ന് സമിതി താലൂക്ക് ആശുപത്രി സൂപ്രണ്ടിന് മുന്നറിയിപ്പ് നല്‍കി.

ഈ സംഭവവുമായി ബന്ധപ്പെട്ട് എല്ലാ സർക്കാർ ആശുപത്രിയിലെയും സൂപ്രണ്ടുമാർക്കാവശ്യമായ നിർദേശങ്ങള്‍ നല്‍കണമെന്ന് കമ്മീഷൻ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. കാഷ്വാലിറ്റി പോലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനങ്ങളുടെ പ്രവർത്തനത്തിന് സർക്കാർ ആശുപത്രികളിലെ സിനിമാ ചിത്രീകരണം തടസ്സമുണ്ടാക്കുന്നുവെന്ന് പരാതികള്‍ ഉയർന്നിരുന്നു. ഈ വിഷയങ്ങളെല്ലാം പരിഗണിച്ചാണ് സർക്കാർ ആശുപത്രികളിലെ സിനിമാ ചിത്രീകരണം ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.

അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടില്‍ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും രോഗികള്‍ക്ക് പരിചരണം നല്‍കിയിരുന്നതായി പറയുന്നുണ്ട്. എന്നാല്‍ സർക്കാർ ആശുപത്രികള്‍ ആളുകള്‍ ചികിത്സയ്ക്കായി വരുന്ന സ്ഥലമാണെന്നും അവിടെ ഷൂട്ടിംഗിന് അനുമതി നല്‍കുന്നത് അധികൃതരുടെ പിഴവാണെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു.

നടൻ ഫഹദ് ഫാസില്‍ നിർമ്മിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നടന്നിരുന്നത്. വെടിവെപ്പ് രംഗങ്ങളായിരുന്നു ഇവിടെ ചിത്രീകരിച്ചിരുന്നത്. ഷൂട്ടിംഗ് സുഗമമാക്കാൻ എമർജൻസി റൂമിലെ ലൈറ്റുകള്‍ ഡിം ചെയ്തിട്ടുണ്ടെന്നാണ് അന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. അഭിനേതാക്കളടക്കം അമ്ബതോളം പേർ ഈ സമയത്ത് കാഷ്വാലിറ്റി ഡിപ്പാർട്ട്‌മെൻ്റിലുണ്ടായിരുന്നു.

മാനദണ്ഡങ്ങള്‍ പാലിച്ചാണ് വെടിവെയ്പ്പ് സീൻ ചിത്രീകരിക്കാൻ അനുമതി നല്‍കിയതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആവശ്യമായ അനുമതികള്‍ നേടിയ ശേഷമാണ് ഷൂട്ടിംഗ് നടന്നതെന്നും രണ്ട് ദിവസത്തെ ചിത്രീകരണത്തിന് 10,000 രൂപ നല്‍കിയെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അറിയിച്ചിരുന്നു.

You cannot copy content of this page