Breaking News

പൂരം കലക്കിയാല്‍ മുസ്ലീങ്ങള്‍ വോട്ട് ചെയ്യുമോ? ചാവക്കാടും ഗുരുവായൂരും മുസ്ലീം വോട്ടുകള്‍ സുരേഷ് ഗോപിക്കാണ്; കെ മുരളീധരനെ കോണ്‍ഗ്രസ് ചതിച്ചതാണ്: കെ സുരേന്ദ്രൻ

Spread the love

കൊച്ചി:: തൃശൂരില്‍ കൊണ്ടുവന്ന് മത്സരിപ്പിച്ച്‌ കെ മുരളീധരനെ കോണ്‍ഗ്രസ് ചതിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
തൃശൂരില്‍ വിജയസാദ്ധ്യത എല്‍ഡിഎഫിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ വോട്ടുകള്‍ എല്‍ഡിഎഫിന് പോയതായും വിഡി സതീശൻ തുറന്നുപറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

കെ. കരുണാകരന്റെ മകനെ ചതിക്കാൻ വേണ്ടിയാണ് വിജയസാധ്യതയുണ്ടായിരുന്ന വടകരയില്‍ നിന്ന് തൃശൂരിലേക്ക് മാറ്റിയത്. പാവപ്പെട്ട മുരളീധരനെ ബലിയാടാക്കുകയായിരുന്നു വി.ഡി സതീശനും സംഘവും. തൃശൂരില്‍ ജയിക്കാമെന്ന് പറഞ്ഞു പറ്റിച്ചു ബലിയാടാക്കി. അവിടെ വിജയസാദ്ധ്യത വിഎസ് സുനില്‍കുമാറിനായിരുന്നു എന്നാണ് വിഡി. സതീശൻ ഇപ്പോള്‍ പറയുന്നത്. അതുകൊണ്ട് ഞങ്ങളുടെ വോട്ട് എല്‍ഡിഎഫിലേക്കാണ് പോയതെന്നും പറയുന്നു. അപ്പോള്‍ പിന്നെ വിജയസാദ്ധ്യതയില്ലാത്തിടത്ത് എന്തിനാണ് കെ മുരളീധരനെ കൊണ്ടുവന്ന് മത്സരിപ്പിച്ചതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണവും സുരേന്ദ്രൻ പരിഹസിച്ചു തളളി. ഒല്ലൂരിലെ ക്രൈസ്തവ കേന്ദ്രങ്ങളിലെല്ലാം സുരേഷ് ഗോപി ആണ് ലീഡ് ചെയ്തത്. ചാവക്കാടും ഗുരുവായൂരും മുസ്ലീങ്ങള്‍ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളില്‍ സുരേഷ് ഗോപിക്ക് നല്ല രീതിയില്‍ വോട്ട് കിട്ടിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ വലിയതോതില്‍ സുരേഷ് ഗോപിക്ക് കിട്ടിയെന്ന് ഇതില്‍ വ്യക്തമാണ്. പൂരം കലക്കിയാല്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വോട്ട് ചെയ്യുമോയെന്നും എന്ത് പച്ചക്കളളമാണ് വിഡി സതീശൻ പറയുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

എഡിജിപി ആർഎസ്‌എസ് സർകാര്യവാഹിനെ കണ്ടുവെന്ന് പറയുന്നത് 2023 ല്‍ ആണ്. 2024 ഏപ്രിലിലാണോ ആർഎസ്‌എസ് നേതാവിനെ കണ്ടത് അതിന്റെ ഉത്തരം ആദ്യം പറയൂവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പിണറായിയും വിഡി സതീശനും രണ്ട് ശരീരമാണെങ്കിലും ഒരു മനസാണ്. പിണറായി വിജയന്റെ ഏജന്റാണ് വിഡി സതീശൻ. വിഡി സതീശന്റെ പേരില്‍ ഉയർന്നുവന്ന പുനർജ്ജനി തട്ടിപ്പ് കേസ് എന്തുകൊണ്ടാണ് കോള്‍ഡ് സ്‌റ്റോറേജില്‍ നിന്ന് പുറത്തെടുക്കാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ഒരു കേസു പോലും എടുക്കാത്തത്. എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തത്. പിണറായി വിജയന്റെ ബി ടീമാണ് വി.ഡി സതീശൻ. ഒരമ്മ പെറ്റ മക്കളെപ്പോലെയാണ് ഇരുവരും. ഇവിടെ അന്തർധാര യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

You cannot copy content of this page