രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം: കെ സി വേണുഗോപാല്‍ മാപ്പു പറയണമെന്ന് ഐഎന്‍എല്‍

Spread the love

കണ്ണൂർ : നരേന്ദ്ര മോദി സര്‍ക്കാരിന് രാജ്യസഭയില്‍ ഭൂരിപക്ഷം ഉണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച എഐസിസി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ മതേതര ഇന്ത്യയോട് മാപ്പ് പറയണമെന്ന് ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

10വര്‍ഷത്തിനുള്ളിൽ ഇതാദ്യമായാണ് ബിജെപി സഖ്യം രാജ്യസഭയില്‍ ആധിപത്യം സ്ഥാപിക്കുന്നത്. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാംഗം വേണുഗോപാല്‍ പദവി രാജിവെച്ച്‌ ആലപ്പുഴയില്‍ മത്‌സരിക്കാനിറങ്ങിയപ്പോള്‍ തന്നെ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം പലരും ചൂണ്ടിക്കാണിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാജിവെച്ച ഒഴിവിലേക്ക് കഴിഞ്ഞാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ലോകസഭയിലെ അംഗബലംമെച്ചപ്പെടുത്തിയ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം തിരിച്ചുപിടിച്ചത് ഇന്ത്യാ സഖ്യത്തിന്റെ മനോബലം കൂട്ടിയിട്ടുണ്ടെങ്കിലും രാജ്യസഭയില്‍ അംഗബലം കുറഞ്ഞതോടെ പ്രതിപക്ഷ നേതൃപദവി നഷ്ടപ്പെടാന്‍ പോവുകയാണ്.

സഖ്യകക്ഷികളും പുറമെനിന്ന് പിന്തുണക്കുന്നവരുമടക്കം ബിജെപിക്ക് 119 എം.പിമാരുടെ പിന്തുണയുണ്ടെന്നത് ഇന്ത്യ സഖ്യത്തിന്റെ വിലപേശല്‍ ശക്തി കുറച്ചിരിക്കുന്നു. രാജ്യസഭയിലെ ഓരോ വോട്ടും നിര്‍ണായകമാണെന്നറിഞ്ഞിട്ടും വേണുഗോപാലിനെ പോലുള്ള സീനിയര്‍ നേതാവ് കൈയിലുള്ള സീറ്റ് നഷ്ടപ്പെടുത്താന്‍ കാണിച്ച ബുദ്ധിമോശം മതേതരശക്തികള്‍ ഗൗരവമായി വിലയിരുത്തണം. നവംബറില്‍നടക്കുന്ന അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 10 സീറ്റ് കൂടി കൂടുതല്‍ ലഭിക്കുന്നതോടെ നേടുന്ന ഭദ്രമായ ഭൂരിപക്ഷം ഏത് പിന്തിരിപ്പന്‍ നിയമനിര്‍മാണത്തിനും മോദി സര്‍ക്കാരിന് ധൈര്യം പകരുമെന്നുറപ്പ്. അണിയറയില്‍ രൂപം കൊള്ളുന്ന പുതിയ വഫഖ് നിയമവും സെക്യൂലര്‍ സിവില്‍ കോഡുമൊക്കെ മതേതര വ്യവസ്ഥക്ക് മുകളില്‍ ഡെമോക്ലീസിന്റെ വാളായി തൂങ്ങുമ്ബോഴാണ് ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റമെന്ന വസ്തുത ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു

You cannot copy content of this page