Breaking News

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ സാധ്യത: പകരം ആര്? ഈ രണ്ട് നേതാക്കളില്‍ ഒരാള്‍ക്ക് സാധ്യത.

Spread the love

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരന്‍ മാറാൻ സാധ്യത. രണ്ടു മാസത്തിനുള്ളില്‍ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
പാർട്ടി നേതൃത്വങ്ങളില്‍ ഇത് സംബന്ധിച്ച ചർച്ചകള്‍ക്ക് തുടങ്ങിയിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തിലേക്ക് പാർട്ടിയെ നയിച്ച നേതാവാണെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളാണ് സുധാകരന് പദവിയില്‍ തുടരാന്‍ വിലങ്ങ് തടിയാകുന്നത്.
കെ സുധാകരന് കൂടി ഉചിതമായ സമയത്തായിരിക്കും പദവി മാറ്റം നടക്കുക. സുധാകരന്‍ മാറിയാല്‍ പകരം ആര് എന്ന ചർച്ചകളും പാർട്ടിക്കുള്ളില്‍ ശക്തമാണ്. കെ മുരളീധരന്‍, കോഴിക്കോട് എംപി എം കെ രാഘവന്‍ തുടങ്ങിയവരാണ് പരിഗണനയിലുള്ള പ്രമുഖർ. ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയപ്പെട്ട സമയത്ത് തന്നെ കെ മുരളീധരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന അഭിപ്രായം ഉയർന്നിരുന്നു.

വേണ്ടി വന്നാല്‍ കെ മുരളീധരന് കെ പി സി സി അധ്യക്ഷ സ്ഥാനം നല്‍കുമെന്ന് കെ സുധാകരന്‍ തന്നെ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പാർട്ടിയില്‍ നിലവില്‍ കാര്യമായ പദവികളൊന്നും കെ മുരളീധരന്‍ വഹിക്കുന്നുമില്ല. ആദ്യം വയനാട് ലോക്സഭ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് കെ മുരളീധരന്റെ പേര് ഉയർന്ന് വന്നെങ്കിലും ഒടുവില്‍ നറുക്ക് വീണത് പ്രിയങ്ക ഗാന്ധിക്കാണ്.
പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിലും ഒരു വിഭാഗം കെ മുരളീധരന്റെ പേര് ഉയർത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതിന് അദ്ദേഹത്തിന് താല്‍പര്യമില്ല. ഇതോടെ പാലക്കാട് സീറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഏകദേശം ഉറപ്പിക്കുകയും ചെയ്തു. വട്ടിയൂർക്കാവ് തന്നെയാണ് കെ മുരളീധരന്റെ പ്രധാന നോട്ടം. കെ പി സി സി അധ്യക്ഷനായാല്‍ ഒരു പക്ഷെ അദ്ദേഹത്തിന് മത്സരിക്കാന്‍ സാധിച്ചില്ലെങ്കിലും പാർട്ടിക്ക് ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

എംകെ രാഘവന് വേണ്ടി എ ഗ്രൂപ്പാണ് അതി ശക്തമായി നിലകൊള്ളുന്നത്. മികച്ച പ്രതിച്ഛായ തന്നെയാണ് അദ്ദേഹത്തിന്റെ കൈമുതല്‍. കെ പി സി സി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ലെങ്കില്‍ യു ഡി എഫ് കണ്‍വീനർ സ്ഥാനത്തേക്ക് അദ്ദേഹം എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഘടകകക്ഷികള്‍ക്കിടയിലെല്ലാം മികച്ച സ്വീകാര്യതയുള്ള നേതാവ് കൂടിയാണ് എംകെ രാഘവന്‍. നിലവിലെ കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധീഖിന് പ്രസിഡന്റായി താല്‍ക്കാലിക ചുമതലയെന്ന നിർദേശവും ചില കോണുകളില്‍ നിന്ന് ഉയർന്ന് കേള്‍ക്കുന്നുണ്ട്.

നേതൃമാറ്റത്തോടെ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പാർട്ടി കൂടുതല്‍ ശക്തമാക്കും. ഒത്തൊരുമിച്ച്‌ പോയാല്‍ മികച്ച വിജയം രണ്ട് തിരഞ്ഞെടുപ്പുകളിലും സ്വന്തമാക്കാന്‍ കഴിയുമെന്നും പാർട്ടി ഉറച്ച്‌ വിശ്വസിക്കുന്നു. ഇതിനായി താഴേക്കിടയിലെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കുകയും സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് പാർട്ടി നേതൃത്വം

You cannot copy content of this page