ജാതി അധിക്ഷേപത്തിൽ സത്യഭാമക്ക് കുരുക്ക് മുറുകി, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Spread the love

തിരുവനന്തപുരം: നര്‍ത്തകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുത്തു. കന്‍റോൺമെന്‍റ് പൊലിസാണ് സത്യഭാമക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് കന്‍റോൺമെന്‍റ് പൊലിസ് വ്യക്തമാക്കി. ജാതി അധിക്ഷേപം നടത്തിയെന്ന ആര്‍ എല്‍ വി രാമകൃഷ്ണന്‍റെ പരാതിയിലാണ് സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എസ് സി / എസ് ടി (പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ) വകുപ്പുകളടക്കം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.അധിക്ഷേപ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ കഴിഞ്ഞ ദിവസമാണ് ആർ എൽ വി രാമകൃഷ്ണൻ പൊലീസില്‍ പരാതി നല്‍കിയത്. തന്നെ ജാതീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നുകാട്ടി ചാലക്കുടി ഡി വൈ എസ് പിക്കാണ് രാമകൃഷ്ണൻ പരാതി നല്‍കിയത്. പത്തിലധികം പേജുള്ള പരാതിയാണ് സമര്‍പ്പിച്ചത്. എന്നാല്‍ അഭിമുഖം നല്‍കിയത് തിരുവനന്തപുരത്ത് ആയതിനാൽ പരാതി കന്‍റോൺമെന്‍ര് പൊലീസിന് കൈമാറുകയായിരുന്നു. അധിക്ഷേപ പരാമര്‍ശത്തിനിടയായ അഭിമുഖത്തിന്റെ വീഡിയോ അടക്കം പരിശോധിച്ച ശേഷമാണ് പൊലീസ് കലാമണ്ഡലം സത്യഭാമക്കെതിരെ കേസെടുത്തത്.

You cannot copy content of this page