Breaking News

സ്വന്തം കുഞ്ഞിനൊപ്പം ഒരു കുഞ്ഞിനെ കൂടി അവധി തീരും വരെ നോക്കാമെന്ന് പൊലീസുദ്യോഗസ്ഥ; വയനാടിനെ ചേർത്ത്പിടിച്ച് നാട്

Spread the love

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരെ പല തരത്തിൽ ചേർത്തു പിടിക്കുകയാണ് കേരളം. കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയനിലെ രശ്മിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ആറ് മാസത്തിൽ താഴെ പ്രായമുള്ള അമ്മയില്ലാത്ത കുഞ്ഞിനെ വയനാട്ടിൽ നിന്ന് കിട്ടിയാൽ തന്‍റെ ലീവ് തീരും വരെ ആ കുഞ്ഞിനെ നോക്കാം എന്നാണ് രശ്മി പറയുന്നത്. നിലവിൽ പ്രസവാവധിയിലാണ് രശ്മി.
“ഒറ്റദിവസം കൊണ്ട് അനാഥരായി പോയ ആൾക്കാരെ കുറിച്ച് ആലോചിച്ചപ്പോൾ എന്റെ കുഞ്ഞിന്റെ പ്രായത്തിൽ അവിടെയുള്ള കുഞ്ഞു മക്കൾ എങ്ങനെ ഈ സാഹചര്യം തരണം ചെയ്യും എന്നോർത്ത് സങ്കടം തോന്നി. എനിക്ക് എന്താ ചെയ്യാൻ പറ്റുന്നത്. എന്റെ കുഞ്ഞിന്റെ കൂടെ അവനെ പോലെ ഒരു കുഞ്ഞിനെ കൂടി നോക്കാം. ഒരു കുറവും വരുത്താതെ തന്നെ”- എന്നാണ് രശ്മി പറഞ്ഞത്.

‘കുഞ്ഞുമക്കൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’- എന്ന മറ്റൊരു കമന്‍റും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കമന്‍റിടുക മാത്രമല്ല, ഉപ്പുതറ സ്വദേശികളായ ഭാവനയും സജിനും മക്കളെയുമെടുത്ത് വയനാട്ടിലേക്ക് തിരിക്കുകയും ചെയ്തു. ദുരന്തത്തിൽ അകപ്പെട്ട് മാതാപിതാക്കൾ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള ദമ്പതികളുടെ തീരുമാനത്തെ ആശംസകൾ കൊണ്ട് മൂടുകയാണ് നിരവധി പേർ.

‘ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്. അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാം. അതുകൊണ്ടുതന്നെയാണ് ഇതിന് തയ്യാറായത്. ഭർത്താവിനോട് ചോദിച്ചപ്പോൾ പിന്തുണ ലഭിച്ചു’- അങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തീരുമാനിച്ചതെന്ന് ഭാവന പറയുന്നു. നാലു വയസ്സും, നാലു മാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് ഭാവന.

You cannot copy content of this page