Breaking News

വയനാട്ടിലേക്കൊരു കൈത്താങ്ങ്, തൃശ്ശൂരിലെ 10 ആംബുലന്‍സുകള്‍ ചൂരൽമലയിലെ ദുരന്തഭൂമിയിലേക്ക്

Spread the love

തൃശൂര്‍: ദുരന്തഭൂമിയില്‍ നിന്നുള്ളവരെ ആശുപത്രികളില്‍ വേഗത്തിലെത്തിക്കാനും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാനും തൃശൂരില്‍ നിന്ന് 10 ആംബുലന്‍സുകള്‍ വയനാട്ടിലേക്ക് പുറപ്പെട്ടു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി തൃശ്ശൂരിലെ ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസേസിയേഷന്‍റെ സഹകരണത്തോടെ തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ലഭ്യമാക്കിയ 10 ആംബുലന്‍സുകളാണ് ഇന്ന് വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് യാത്ര തിരിച്ചത്. രക്ഷാദൗത്ത്യത്തിനായി ഓരോ ആംബുലന്‍സിലും രണ്ടുവീതം ഡ്രൈവര്‍മാരുടെ സേവനവും ഫ്രീസര്‍, ജനറേറ്റര്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ജില്ലയില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി വയനാട്ടിലേക്ക് യാത്രയാക്കി. ചടങ്ങില്‍ തൃശ്ശൂരിലെ പൂരപ്രേമി സംഘം ഭാരവാഹികള്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് യാത്രാ ചെലവനായി 10,000 രൂപ കൈമാറി. എ.ഡി.എം ടി. മുരളി, കളക്ഷന്‍ സെന്റര്‍ നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ രോഹിത് നന്ദകുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജില്ലയിലെ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും സമാഹരിച്ച വിവിധ സാധനങ്ങളുമായി ആറു വാഹനങ്ങളും വയനാട്ടിലേക്ക് പോയിരുന്നു. ജില്ലാ ഭരണകൂടം ആരോഗ്യവകുപ്പിന്‍റെ സഹകരണത്തോടെ ജില്ലയില്‍ നിന്നും ഫോറന്‍സിക് സര്‍ജന്‍മാരും സര്‍ജന്‍മാരും അടങ്ങുന്ന സംഘത്തേയും ഫയര്‍ ആന്റ് റസ്‌ക്യു സര്‍വ്വീസിന്റെ കീഴിലുള്ള 50 സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരെയും വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിരുന്നു.

You cannot copy content of this page