തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ.അനിൽ. ഇതുസംബന്ധിച്ച് വേണ്ട നിർദ്ദേശങ്ങൾ പൊതുവിതരണ വകുപ്പിലേയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നല്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പുകളിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും വകുപ്പ് സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു.
വയനാട് ജില്ലയിലേയും സമീപ ജില്ലകളിലേയും സപ്ലൈകോ-ഭക്ഷ്യ, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉറപ്പുവരുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു നല്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്. റേഷൻ കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റർ കുടി വെള്ളവുമായി ജല വിഭവ വകുപ്പിന്റെ രണ്ടു വാഹനങ്ങൾ ഇന്നലെ തന്നെ വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു