Breaking News

പെരിയാറിലെ മത്സ്യക്കുരുതി; കാരണം രാസമാലിന്യമെന്ന് റിപ്പോർട്ട്, കമ്പനികൾക്കെതിരെ നടപടിയെടുക്കാതെ അധികൃതർ

Spread the love

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമാണെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. മത്സ്യ മേഖലയ്ക്കാകെ 41 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പെരിയാർ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. കുഫോസ് മുൻ വൈസ്ചാൻസലർ ഡോ ബി മധുസൂദനക്കുറുപ്പ് ചെയർമാനായ സമിതിയാണ് കണ്ടെത്തിയത്. റിപ്പോർട്ടുകൾക്ക് പിന്നാലെ റിപ്പോർട്ടുകൾ വന്നിട്ടും നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിലും ദുരന്തത്തിന് കാരണക്കാരായ കമ്പനികൾക്കെതിരായ നടപടിയുടെ കാര്യത്തിലും ഇനിയും തീരുമാനമായില്ല.പെരിയാറിൽ മത്സ്യക്കുരുതി ഉണ്ടായി 2 മാസം കഴിഞ്ഞിട്ടും കാരണക്കാരായവർക്കെതിരായ നടപടിയും കർഷകർക്കുള്ള നഷ്ടപരിഹാരവും ഒന്നുമായില്ല. മത്സ്യ കുരുതിക്ക് കാരണം രാസമാലിന്യമാണെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ വിലയിരുത്തൽ അശാസ്ത്രീയമാണെന്നുമാണ് കുഫോസ് മുൻ വൈസ്ചാൻസലർ ഡോ ബി മധുസൂദനക്കുറുപ്പ് ചെയർമാനായ വിദഗ്ധ സമിതിയുടെയും കണ്ടെത്തൽ. പെരിയാർ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതിയുടെ കണക്ക് പ്രകാരം 41 കോടി രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സമിതി റിപ്പോർട്ട് പ്രകാശനം ചെയ്തു.

മെയ് 20ന് പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തതിന് പിന്നാലെ പ്രതിഷേധങ്ങൾ പലത് നടന്നെങ്കിലും ഇപ്പോഴും പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്നതിന് ഒരു കുറവും വന്നിട്ടില്ല. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കർഷകർക്ക് കഷ്ടപ്പാട് മാത്രമാണ് ബാക്കി. ആഗസ്റ്റിലും ഡിസംബറിലും വിളവെടുക്കാൻ പാകത്തിലാണ് മത്സ്യക്കൂടൊരുക്കിയത്. ഒന്നര ലക്ഷം രൂപ ലോണെടുത്ത് മത്സ്യകൃഷി നടത്തി 3 ലക്ഷത്തിലധികം നഷ്ടം വന്ന ജയ്സണും പറയാനുള്ളത് കഷ്ടപ്പാടിന്‍റെ കണക്കാണ്, നഷ്ടപരിഹാരത്തിനായുള്ള കാത്തിരിപ്പിനെക്കുറിച്ചാണ്.

You cannot copy content of this page