ന്യൂയോർക്ക്: നവംബറിൽ നടന്ന യു എസ് പ്രസിഡൻ്റ് ഇലക്ഷനിൽ താനായിരുന്നു മത്സരിച്ചിരുന്നതെങ്കിൽ ട്രംപിനെ പരാജയപ്പെടുത്തുമായിരുന്നു എന്ന് യു എസ് പ്രസിഡൻ്റ ജോ ബൈഡൻ. അടുത്ത നാല് വർഷം കൂടി പ്രസിഡൻ്റായി തുടരാനുള്ള കരുത്ത് തനിക്കുണ്ടോയെന്ന സംശയവും ബൈഡൻ ഉയർത്തി. നിലവിൽ തൻ്റെ അവസ്ഥ നല്ലതാണെങ്കിലും 86 വയസ്സാവുമ്പോഴുള്ള അവസ്ഥ എന്താണെന്ന് അറിയില്ലായെന്ന് ജോ ബൈഡൻ പറഞ്ഞു. യുഎസ്എ ടുഡേയിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജോ ബൈഡൻ്റെ പ്രതികരണം.
നവംബര്‍ അഞ്ചിനായിരുന്നു അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ വോട്ടെണ്ണിയപ്പോള്‍ ഉജ്ജ്വല വിജയമാണ് ട്രംപ് സ്വന്തമാക്കിയത്. 538ല്‍ 312 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപ് നേടി. സ്വിങ് സ്റ്റേറ്റുകളായ പെന്‍സില്‍വാനിയ, മിഷിഗണ്‍, നോര്‍ത്ത് കരോലിന, നെവാഡ, ജോര്‍ജിയ, അരിസോന തുടങ്ങിയിടങ്ങളിലെല്ലാം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നതും.
2016ലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതീക്ഷിച്ചതിലും വലിയ സെനറ്റ് ഭൂരിപക്ഷത്തിലേക്ക് നയിക്കാന്‍ ട്രംപിന് സാധിച്ചു. സപ്പോര്‍ട്ടര്‍മാരുമായുള്ള ബന്ധവും ഗര്‍ഭച്ഛിദ്ര നിയമത്തില്‍ ഉള്‍പ്പടെ സ്വീകരിച്ച നിലപാടും ഉയര്‍ത്തിപ്പിടിച്ച തീവ്രദേശീയ മുഖവും ട്രംപിന് ഗുണമായെന്നാണ് വിലയിരുത്തല്‍. ട്രംപിന് പിന്തുണയുമായി ഇലോണ്‍ മസ്‌ക് എത്തിയതും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഗുണമായിട്ടുണ്ട്.