ആലപ്പുഴ: ജര്‍മനിയില്‍ റെയില്‍പ്പാളങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നാലായിരത്തിലധികം തൊഴിലവസരങ്ങള്‍. ഇതിന്റെ ഭാഗമായി കേരളത്തിലും റിക്രൂട്ട്‌മെന്റ് വരുന്നു.50 വര്‍ഷം കഴിഞ്ഞ റെയില്‍പ്പാളം, പാലം ഉള്‍പ്പെടെയുള്ളവ മാറ്റുകയാണവിടെ. ഇതിനാവശ്യമായ മനുഷ്യവിഭവശേഷിക്കായി അവര്‍ ഇന്ത്യയെ ആശ്രയിക്കുകയാണ്. ഈ അവസരം ഉപയോഗപ്പെടുത്താന്‍ കേരളവും ശ്രമം തുടങ്ങി. കേരളത്തില്‍നിന്ന് 4,000 പേരെ വേണമെന്നാണു കണക്കാക്കുന്നത്.
സാങ്കേതികവിഷയങ്ങളില്‍ യോഗ്യതയുള്ളവരെ അന്വേഷിച്ച് ജര്‍മന്‍സംഘം കഴിഞ്ഞദിവസം കേരളത്തിലെത്തി. ജര്‍മന്‍ കൗണ്‍സിലര്‍ എക്കിം ബര്‍ക്കാട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്. കേരളവുമായി ധാരണാപത്രത്തില്‍ ഒപ്പിടുന്നതിനു മുന്നോടിയായിരുന്നു സന്ദര്‍ശനം.
ഐ.ടി.ഐ., പോളിടെക്നിക്, എന്‍ജിനിയറിങ് സ്ഥാപനങ്ങള്‍ സംഘം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തില്‍ അവര്‍ തൃപ്തരാണെന്ന് ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെയ്സ്) അധികൃതര്‍ പറഞ്ഞു. മന്ത്രി വി. ശിവന്‍കുട്ടി, കെയ്സ് ഡയറക്ടര്‍ ഡോ. വീണാമാധവന്‍ എന്നിവരുമായും ചര്‍ച്ച നടത്തി.
ഇതിനകം കേരളത്തില്‍നിന്നു 400 പേര്‍ ജര്‍മനിയിലെത്തി. 500 പേരെക്കൂടി ഉടന്‍ അയക്കാനുള്ള തിരക്കിലാണ് കെയ്സ് എന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.വി. വിനോദ് പറഞ്ഞു. ബാക്കി റിക്രൂട്ട്മെന്റിനുള്ള നടപടിയാണു നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് തൊഴില്‍പരിശീലനം, ജര്‍മന്‍ ഭാഷാപഠനം എന്നിവ കെയ്സിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. കൊച്ചി മെട്രോയില്‍ ഉള്‍പ്പെടെയാണു പരിശീലനം.
ശരാശരി 3,500 യൂറോ (3.18 ലക്ഷം രൂപ) ആണ് മാസശമ്പളം. 900 കിലോമീറ്റര്‍ റെയില്‍പ്പാളമാണ് മാറ്റിപ്പണിയുന്നത്. ഡോപ്സ് ബാന്‍ (ഡി.ബി.) എന്ന ഡച്ച് കമ്പനിക്കാണു നിര്‍മാണച്ചുമതല. പാളങ്ങളിലെ തകരാര്‍മൂലം തീവണ്ടികള്‍ തുടര്‍ച്ചയായി വൈകിയോടുന്നതാണ് പഴയവ മാറ്റാന്‍ കാരണം.
ബെല്‍ജിയം, അയര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും സമാനജോലിക്കുള്ള അവസരമുണ്ടാകുമെന്നാണു വിവരം. സിവില്‍ എന്‍ജിനിയറിങ്, ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ക്ക് ഇത് മികച്ച തൊഴില്‍സാധ്യതയുണ്ടാക്കും.