തിരുവനന്തപുരം: കേരള വനങ്ങളില്‍ കാട്ടാനകളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായെന്ന് വനംവകുപ്പ് സര്‍വേ. കഴിഞ്ഞവര്‍ഷത്തെ സര്‍വേയില്‍ ബ്ലോക്ക് കൗണ്ടില്‍ 1920 കാട്ടാനകളുണ്ടായിരുന്നത് ഇക്കൊല്ലം 1793 എണ്ണമായി. ആനകള്‍ അയല്‍സംസ്ഥാന വനമേഖലയിലും സഞ്ചരിക്കുന്നതിനാല്‍ ഇത് സ്വാഭാവികമാണെന്നാണ് വനംവകുപ്പ് പറയുന്നത്.
മേയ് 23, 24, 25 തീയതികളില്‍ കേരളം, കര്‍ണാടക, തമിഴ്നാട് വനങ്ങളില്‍ ഒരേദിവസമായിരുന്നു കണക്കെടുപ്പ്. കണക്കെടുപ്പ് വേളയില്‍ 233 ആനക്കൂട്ടങ്ങളെ കണ്ടെത്തി. ഇവയില്‍ 1073 ആനകളെ എണ്ണാനുമായി. ബാക്കി എണ്ണം തിട്ടപ്പെടുത്തിയത് മറ്റുരീതികളിലൂടെയാണ്. നേരിട്ട് എണ്ണിയതില്‍ 61 ശതമാനം മുതിര്‍ന്നവയാണ്. 18 ശതമാനം അധികം പ്രായമില്ലാത്ത ആനകളും 15 ശതമാനം കുട്ടിയാനകളും അഞ്ചുശതമാനം തീരെ ചെറുതുമാണ്.
പെരിയാര്‍ സങ്കേതത്തിലാണ് ഏറ്റവുമധികം ആനകളെ കണ്ടെത്തിയത്. 813 ആനകളാണ് ഇവിടെയുള്ളത്. ആനമുടിയില്‍ 615, നിലമ്പൂരില്‍ 198, വയനാട്ടില്‍ 78 ആനകളും ഉണ്ടെന്നാണ് കണ്ടെത്തല്‍. എണ്ണത്തില്‍ വയനാട്ടില്‍ 29 ശതനമാനവും ആനമുടിയില്‍ 12 ശതമാനവും കുറവുണ്ടായിട്ടുണ്ട്. വയനാട്ടിലെ കുറവിന് പ്രധാനകാരണം കാലാവസ്ഥയിലുണ്ടായ മാറ്റമാണ്.
2015 മുതല്‍ 2023 വരെ 845 കാട്ടാനകള്‍ ചരിഞ്ഞതായി വനംവകുപ്പ് വ്യക്തമാക്കി. ഇത് വര്‍ഷംതോറും വര്‍ധിക്കുന്നതായാണ് കണക്കുകള്‍. പത്തുവയസ്സില്‍ താഴെ പ്രായമുള്ളവയാണ് കൂടുതലായും ചരിയുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
ആനകളുടെ എണ്ണം കുറയുന്നത് പരിശോധിക്കും – വനംമന്ത്രി
കേരള വനങ്ങളില്‍ ആനകള്‍ കുറയുന്നതായി കണ്ടെത്തിയ വനംവകുപ്പിന്റെ റിപ്പോര്‍ട്ട് പഠിച്ചശേഷം കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പുതുതായി ഒരു കടുവസങ്കേതം സംസ്ഥാനത്ത് ആരംഭിക്കുന്നതിന് ഒരു ആലോചനയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.