Breaking News

പഹല്‍ഗാം ഭീകരാക്രമണം: ‘ രാജ്യ സുരക്ഷയുറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പരാജയത്തിലേക്ക് വിരല്‍ചൂണ്ടുന്നു’ ; എം വി ഗോവിന്ദന്‍

Spread the love

ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനമര്‍പ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുടുംബത്തോടൊപ്പം കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കൊച്ചി സ്വദേശി നീരാഞ്ജനത്തില്‍ രാമചന്ദ്രനും കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥനായ വിനയ് നര്‍വാള്‍ എന്നിവരടക്കം 28 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അത്യന്തം നടുക്കമുണ്ടാക്കുന്നതും വേദനാജനകവുമായ സംഭവമാണ് സംഭവിച്ചിരിക്കുന്നതെന്നും കുറിച്ചു. കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കുടുംബത്തോടമെത്തിയവരാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയില്‍ ഒപ്പം ചേരുന്നു – എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നും പ്രദേശം ശാന്തമായെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ അവകാശവാദമാണ് ഭീകരാക്രമണത്തോടെ തകര്‍ന്നുവീണിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ഉന്നതതല യോഗം ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ആക്രമണമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയുറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും പരാജയം കൂടിയാണ് വിനോദ സഞ്ചാരികളായ 28 പേരുടെ കൊലപാതകത്തിലേക്ക് നയിച്ച ആക്രമണം വിരല്‍ചൂണ്ടുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കി കശ്മീരിനെ കേന്ദ്രഭരണത്തിന് കീഴിലാക്കി അഞ്ചുവര്‍ഷം പിന്നിടുമ്പോഴും മേഖല അശാന്തമായിരിക്കുന്നത് അത്യന്തം ഗുരുതരമായ സാഹചര്യമാണ്. ഭീകരശൃംഖലയെ ഇല്ലാതാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത് – എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

കശ്മീരിലുള്ള മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പൂര്‍ത്തിയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്കയടക്കമുള്ള സംവിധാനങ്ങളും സജീവമാണ്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും തക്കതായായ ശിക്ഷയുറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അവകാശവാദങ്ങള്‍ക്കപ്പുറം രാജ്യത്തെ ഭീകരാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനും പൗരന്മാരുടെ ജീവന് സുരക്ഷയുറപ്പാക്കാനുമുള്ള നടപടികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മുന്‍കയ്യെടുക്കണം – സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

You cannot copy content of this page