തിരു.മെഡിക്കൽ കോളജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി; രോഗിയും ബന്ധുവും വനിതാ ഡോക്ടറും കുടുങ്ങി

Spread the love

തിരുവനന്തപുരം ∙ മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോഗിയും ബന്ധുവും വനിതാ ഡോക്ടറും 10 മിനിറ്റോളം കുടുങ്ങി. ഇവരെ പുറത്തെത്തിച്ചു. അത്യാഹിത വിഭാഗത്തിൽനിന്ന് സിടി സ്കാൻ മുറിയിലേക്ക് പോകുന്ന ലിഫ്റ്റാണ് ചൊവ്വാഴ്ച ഉച്ചയോടെ പണിമുടക്കിയത്. എന്നാൽ സാങ്കേതിക തകരാര്‍ പരിഹരിച്ച ലിഫ്റ്റില്‍ വീണ്ടും മൂന്നു ഡോക്ടര്‍മാര്‍ കുടുങ്ങി. അഞ്ച് മിനിറ്റിന് ശേഷമാണ് തകരാര്‍ പരിഹരിച്ച് ഇവരെ പുറത്തെത്തിച്ചത്.

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ 2 ദിവസം കുടുങ്ങി കിടന്ന ആളെ തിങ്കളാഴ്ച രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് ഈ സംഭവം. ലിഫ്റ്റിൽ 2 ദിവസം രോഗി കുടങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നും നിർദേശിച്ചു. ഇന്ന് ലിഫ്റ്റ് പണിമുടക്കിയപ്പോൾ ഹൗസ് സർജനാണ് രോഗിക്കും ബന്ധുവിനുമൊപ്പം ഉണ്ടായിരുന്നത്. 10 മിനിട്ടോളം മൂന്നുപേരും ലിഫ്റ്റിൽ കുടുങ്ങി. ലിഫ്റ്റ് ഓപ്പറേറ്റർ ഓടിപോയി ടെക്നീഷ്യനെ കൊണ്ടുവരികയായിരുന്നു. ഒന്നാം നിലയിൽ കുടുങ്ങിയ ലിഫ്റ്റ് പിന്നീട് താഴെയെത്തിച്ചു. അറ്റകുറ്റപ്പണി ശരിയായി നടത്താത്തതിനാലാണ് ലിഫ്റ്റ് പ്രവർത്തന രഹിതമാകുന്നതെന്ന് ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസം ഇത്രയും വലിയ പ്രശ്‌നമുണ്ടായിട്ടും ഇന്ന് ഡോക്ടറും രോഗിയും കുടുങ്ങിയപ്പോഴും ലിഫ്റ്റ് ഓപ്പറേറ്ററുമാര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ആകെയുള്ള 12 ലിഫ്റ്റ് ഓപ്പറേറ്റര്‍മാരില്‍ ഒരാള്‍ മാത്രമാണ് ഇന്ന് ജോലിക്കുള്ളതെന്നും അവര്‍ ആരോപിച്ചു. 21 ലിഫ്റ്റുകളാണ് ആശുപത്രിയിലുള്ളത്. ഇതില്‍ പലതും കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലാണ്. ഗുരുതരാവസ്ഥയിൽ ഉള്ളവർ ഉള്‍പ്പെടെ നൂറുകണക്കിന് രോഗികളാണ് ദിവസവും ഈ ലിഫ്റ്റുകളെ ആശ്രയിക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം പുതുതായി രണ്ടു ലിഫ്റ്റ് വാങ്ങാന്‍ സര്‍ക്കാര്‍ 50 ലക്ഷം രൂപ വീതം നല്‍കി. എന്നാല്‍ അതു വകമാറ്റി ചെലവഴിച്ചുവെന്നും ആരോപണമുണ്ട്.

ഇടുപ്പെല്ല് ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ സിപിഐ തിരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറിയും എംഎൽഎ ഹോസ്റ്റലിലെ താൽക്കാലിക ജീവനക്കാരനുമായ ഉള്ളൂർ ഗാർഡൻസിൽ ബി.രവീന്ദ്രൻ നായർ ആണ് 2 രാത്രിയും ഒരു പകലും മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ഇവിടെ കുടുങ്ങിയ അദ്ദേഹത്തെ അവശനിലയിൽ വീണു കിടക്കുന്ന അവസ്ഥയിലാണ് തിങ്കളാഴ്ച രാവിലെ 6ന് ഡ്യൂട്ടിക്കെത്തിയ ലിഫ്റ്റ് ജീവനക്കാർ കണ്ടെത്തിയത്. 2 നിലകൾക്കിടയിലാണ് ലിഫ്റ്റ് കുടുങ്ങിയത്.

You cannot copy content of this page