Breaking News

ആ രംഗങ്ങളും, സംഗീതവും എവിടെ? രാവണപ്രഭു കണ്ട ആരാധകരുടെ പരാതി

Spread the love

രഞ്ജിത്-മോഹൻലാൽ ചിത്രം രാവണപ്രഭുവിന്റെ 4k റീമാസ്റ്റേർഡ് പതിപ്പ് തിയറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് മുന്നേറുമ്പിൽ തിയറ്ററുകളിൽ എത്തിയിരിക്കുന്ന ആരാധകരിൽ അധികവും ചിത്രം 2001 റിലീസാകുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്ത ജെൻസി പ്രേക്ഷകരാണെന്നത് ശ്രദ്ധേയമാണ്. റീറിലീസുകളിൽ ഏറ്റവും മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ചിത്രത്തെ സംബന്ധിച്ച് മോഹൻലാൽ ആരാധകരിൽ നിന്നും ആർപ്പുവിളിക്കൊപ്പം ചില ചെറിയ പരാതികളും ഉയരുന്നുണ്ട്. ഒറിജിനൽ പതിപ്പിൽ ഏറെ ശ്രദ്ധേയമായിരുന്നു ചില രംഗങ്ങളും സംഗീത ശകലങ്ങളും 4k യിൽ അണിയറപ്രവർത്തകർ കട്ട് ചെയ്തുകളഞ്ഞതാണ് പ്രശ്നം.

ചിത്രത്തിൽ കാർത്തികേയനെന്ന കഥാപാത്രം നായികയെ തട്ടിക്കൊണ്ട് പോയി ഒളിവിൽ പാർപ്പിക്കുന്ന തമിഴ്‌നാട്ടിലെ ഒരു സ്ഥലത്ത് മോഹൻലാലും കുറച്ചു കുട്ടികളും തമ്മിൽ സംസാരിക്കുന്ന രംഗം, മന്ത്രി മാധവൻ എന്ന കഥാപാത്രത്തിന്റെ എൻട്രി, അമ്മയെ ദഹിപ്പിച്ച ചിതയ്ക്കരികിൽ കാർത്തികേയൻ ഇരിക്കുന്ന രംഗം തുടങ്ങിയവ 4 പതിപ്പിൽ കണ്ടില്ല എന്ന് ചില ആരാധകർ ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ കീഴിൽ എഴുതി.

കൂടാതെ മംഗലശേരി കാർത്തികേയന്റെ പ്രധാന തീം സോങ് അതേ പടി ചിത്രത്തിൽ കാണാനില്ല എന്നും റീമാസ്റ്ററിങ്ങിൽ അത് റീമിക്സ് ചെയ്തപ്പോൾ തീമിന്റെ പഴയ പ്രതാപം നഷ്ടമായി എന്നുമെല്ലാം ആരാധകർ പറയുന്നുണ്ട്. സുരേഷ് പീറ്റേഴ്സ് ഒരുക്കിയ ആ പശ്ചാത്തല സംഗീതം ചില കോപ്പി റൈറ്റ് പ്രശ്നങ്ങൾക്കൊണ്ടാവാം മാറ്റിയതെന്നും ചിലർ അഭിപ്രായപ്പെട്ടു.

എ.ആർ റഹ്മാൻ സംഗീതം ചെയ്ത സ്റ്റാർ എന്ന ചിത്രത്തിലെ ‘തോം കരുവിൽ ഇറുന്തോം’ എന്ന ഗാനത്തിന്റെ തുടക്കത്തിലേ ഭാഗവുമായി കാർത്തികേയൻ തീം സോങ്ങിന് സാമ്യമുണ്ട് എന്ന ആരോപണം നേരത്തെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അതേ മ്യൂസിക്ക് പീസ് എ.ആർ റഹ്മാൻ ബോളിവുഡിൽ തക്ഷക് എന്ന ചിത്രത്തിലും ഉപയോഗിച്ചിരുന്നു.

You cannot copy content of this page