Breaking News

ജോയിയുടെ മരണം; ‘പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യൻ റെയിൽവേയ്ക്ക്’; മന്ത്രി വി ശിവൻകുട്ടി

Spread the love

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മരണത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ജോയിയുടെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യൻ റെയിൽവേക്ക് തന്നെയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരമാവധി നഷ്ടപരിഹാരം നൽകാൻ റെയിൽവേ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

പാവപെട്ട ഒരാളുടെ ജീവനാണ് നഷ്ടപെട്ടതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. റെയിൽവേ ഏൽപ്പിച്ച കരാറുകാരൻ കൊണ്ടുവന്നത് ആകെ മൂന്നു തൊഴിലാളികളെയാണെന്ന് മന്ത്രി പറഞ്ഞു. മൂന്നു പേരെ കൊണ്ട് അവിടെ ഒരു ശുചീകരണവും നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു ഏജൻസിക്കും റെയിൽവേ പരിസരം ശുചീകരിക്കാൻ പറ്റില്ല. അവിടെയും പരിസരവും വൃത്തിയാക്കാൻ എത്രയും വേഗം ഇന്ത്യൻ റെയിൽവേ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

മാലിന്യനീക്കം നടത്തേണ്ടത് റെയിൽവേയാണെന്ന് മന്ത്രി പറഞ്ഞു. റെയിൽവേ കാര്യങ്ങൾ ചെയ്യുന്നതിൽ വീഴ്ച കാണിക്കൽ പതിവാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. രക്ഷാപ്രവർത്തനം നടത്തിയവരെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിക്കുകയും ചെയ്തു. മഴക്കാല പൂർവ ശുചീകരണം നടന്നില്ല എന്ന പ്രതിപക്ഷ നേതാവ് പറയുന്നത് രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും തദ്ദേശ, ആരോഗ്യ മന്ത്രിമാരെ കുറ്റം പറയാതെ മരണപെട്ടയാളുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ബുധനാഴ്ച മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

You cannot copy content of this page