കൊച്ചി: വാഹനങ്ങളുടെ എഞ്ചിനടക്കം രൂപമാറ്റം വരുത്തി നിരത്തിലിറക്കുന്നവർക്ക് ഇനി മുട്ടൻ പണി കിട്ടും. വണ്ടി പിടിച്ചെടുത്ത് ആക്രികളുടെ കൂട്ടത്തിൽ ചേർക്കും. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ മുദ്രവെച്ച വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. വാഹനങ്ങളിലെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ഇത്.
വയനാട് പനമരത്ത് ക്രമിനല്‍ കേസുകളിലെ പ്രതി ആകാശ് തില്ലങ്കേരി, രൂപമാറ്റം വരുത്തിയ ജീപ്പില്‍ സഞ്ചരിച്ച പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം. എന്‍ജിനോ സസ്‌പെഷനോ രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അത്തരം വാഹനങ്ങള്‍ പിടിച്ചെടുത്ത് ആക്രിയാക്കണമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. ഇവ ഉടമയ്ക്ക് വിട്ടുനല്‍കരുത്.
വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നതിനും അത്തരം വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നതിനുമെതിരേ ഹൈക്കോടതി കര്‍ശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വാഹനത്തില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കുകയും അതുമായി നിരത്തിലിറങ്ങുന്നതിന്റെയും വീഡിയോ ചിത്രീകരിച്ച യുട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.വാഹനങ്ങള്‍ വലിയ തോതില്‍ രൂപമാറ്റം നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന നിയമം 190 (2) വകുപ്പുപ്രകാരം സസ്‌പെന്‍ഡ് ചെയ്യുകയും ഉടമകള്‍ക്ക് 5000 രൂപ പിഴ ചുമത്തുകയും വേണം. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ആര്‍.സി. സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ വേണം. ഇത്തരം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത്, അധികാരപരിധിയിലുള്ള മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി തുടര്‍നടപടി സ്വീകരിക്കണമെന്നും കോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു.
ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയിലും രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ് വീണ്ടും നിയമലംഘനം നടത്തിയിരിക്കുന്നതെന്നു ഹൈക്കോടതി പറഞ്ഞു. അനുവദിച്ചിട്ടുള്ളതിലും അധികം വലിപ്പത്തിലുള്ള ടയറുകള്‍, നമ്പര്‍ പ്ലേറ്റ് നല്‍കിയിട്ടില്ല, അനധികൃതമായി വരുത്തിയ രൂപമാറ്റം എന്നിവയാണ് നിയമലംഘനങ്ങള്‍. ഇതിനൊപ്പം സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി വാഹനമോടിക്കുന്നതെന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതേതുടര്‍ന്നാണ് കോടതി നടപടി ആവശ്യപ്പെട്ടത്.
കോഴിക്കോട് വടകരയില്‍ സീബ്ര ലൈനില്‍നിന്ന വിദ്യാര്‍ഥികളെ ബസ്സിടിച്ച സംഭവത്തിലും ഹൈക്കോടതി ഇടപ്പെട്ടിരുന്നു. കാര്യേജ് വാഹനങ്ങള്‍ക്ക് നിയമം ബാധകമല്ലേയെന്ന് കോടതി ചോദിച്ചു. മടപ്പള്ളി ഗവ. കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അയ്യപ്പന്‍ ബസാണ് അപകടത്തിനിടയാക്കിയത്.