ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് 5 മണിക്കൂർ പിന്നിട്ടു. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചിൽ നടത്തുന്നത്. മുഴുവൻ സംവിധാനങ്ങളുമായി സ്‌കൂബ ടീം ടണലിന് ഉള്ളിലേക്ക് കടന്നു.
മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം. അപകടത്തിൽ പരസ്‌പരം പഴിചാരി റെയിൽവേയും നഗരസഭയും. ഒരു മാസം മുമ്പ് നോട്ടീസ് നൽകിയിട്ടും റെയിൽവേ നടപടിയെടുത്തില്ലെന്ന് നഗരസഭ അറിയിച്ചു. റെയിൽവേക്ക് നോട്ടീസ് നൽകിയത് തമ്പാനൂർ ഭാഗത്തെ വെള്ളക്കെട്ടിന് പിന്നാലെയാണ്. തോട് വൃത്തിയാക്കേണ്ടത് റെയിൽവേയെന്ന് നഗരസഭ വ്യക്തമാക്കി.
എന്നാൽ കാണാതായ ജീവനക്കാരുമായി ബന്ധമില്ലെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. റെയിൽവേ നേരിട്ട് നിയോഗിച്ച ജീവനക്കാരനല്ലെന്ന് വിശദീകരണം. തോട് വൃത്തിയാക്കേണ്ടത് നഗരസഭയും മൈനർ ഇറിഗേഷൻ വകുപ്പുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറയുന്നു .
നഗരസഭയെ കുറ്റപ്പെടുത്താനുള്ള സമയമായി ചിലർ ഇതിനെ കാണുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ പ്രതികരിച്ചു. കരാർ എടുത്തവർ പറഞ്ഞത് ഇന്ന് ജോലി ഷെഡ്യൂൾ ചെയ്തിട്ടില്ല എന്നാണെന്നും മേയർ പറയുന്നു. കാണാതായത് റെയിൽവേയുടെ കരാർ പ്രവർത്തനങ്ങൾ ചെയ്യുന്ന കരാറുകാരന് കീഴിലെ തൊഴിലാളിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.
നഗരസഭയോട് ആവശ്യപ്പെട്ട സഹായം നൽകും. മാലിന്യം മാറ്റാൻ ഒരു JCB ഉടൻ എത്തിച്ചേരും. റെയിൽവേ കരാർ കൊടുത്തതിന് അനുസരിച്ചാണ് ഈ വർക്ക് നടന്നത്. ഓരോ നിമിഷം കഴിയുമ്പോഴും ടെൻഷനാണ്. ഉടനെ കണ്ടെത്താൻ കഴിയുമെന്നാണ് വിശ്വാസമെന്നും മേയർ പറയുന്നു.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെയാണ് കാണാതായത്. കോർപ്പറേഷന്റെ താത്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്.