Breaking News

ഇന്ത്യൻ ടീമിനെ നാട്ടിലെത്തിക്കാൻ പതിവ് സർവീസ് റദ്ദാക്കി എയർ ഇന്ത്യ; വിശദീകരണം തേടി ഡി.ജി.സി.എ

Spread the love

ന്യൂഡല്‍ഹി: ടി20 ലോകകിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ ചൊല്ലി വിവാദം. മറ്റൊരു സര്‍വീസ് റദ്ദാക്കിയാണ് എയര്‍ ഇന്ത്യ, ടീം ഇന്ത്യയെ നാട്ടിലെത്തിച്ചത്.

നവാർക്കിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കാന്‍ ഉപയോഗിച്ചത്. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എയർ ഇന്ത്യയോട് വിശദീകരണം തേടി. അമേരിക്കയിലെ ന്യൂജേഴ്‌സി സംസ്ഥാനത്തെ നവാര്‍ക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള ബോയിങ് 777 യാത്രാ വിമാനമാണ് ഇന്ത്യന്‍ ടീമിനുവേണ്ടി ബര്‍ബഡോസിലേക്ക് എത്തിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി ചാർട്ടർ ചെയ്തതോടെ, ഈ വിമാനത്തിൽ യാത്ര ചെയ്യാൻ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് അസൗകര്യം ഉണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം ചോദിച്ചത്.

അതേസമയം ഇന്ത്യന്‍ ടീമിനായി വിമാനം നല്‍കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാരേയും വിവരം നേരത്തേ അറിയിച്ചിരുന്നു. വിവരം അറിയിക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ ചില യാത്രക്കാരെ റോഡ് മാര്‍ഗം ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയി. അവര്‍ക്ക് മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലേക്ക് യാത്രയൊരുക്കിയെന്നും എയര്‍ ഇന്ത്യ വിശദീകരിക്കുന്നു.

മോശം കാലാവസ്ഥയെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാട്ടിലെത്തിയത്. ലോകകപ്പ് വിജയത്തിനു പിന്നാലെ ജൂൺ 30 നാണ് ഇന്ത്യൻ ടീം ന്യൂയോർക്ക് വഴി ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്നത്. ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കാരണം വിമാന സർവീസുകൾ റദ്ദാക്കിയതോടെ ടീം ബാർബഡോസിൽ കുടുങ്ങുകയായിരുന്നു.

You cannot copy content of this page