Breaking News

പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ സപ്ലൈകോ; ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങൾ എത്തിത്തുടങ്ങി

Spread the love

തിരുവനന്തപുരം: പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള തീവ്ര ശ്രമം തുടങ്ങിയിരിക്കുകയാണ് സപ്ലൈകോ. അമ്പതാം വാർഷികത്തോടനുബന്ധിച്ച് പഞ്ചസാര ഒഴികെയുള്ള സബ്സിഡി സാധനങ്ങൾ എല്ലാ ഔട്ട്ലെറ്റുകളിലേക്കും എത്തിച്ചു. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് വലിയ വിലക്കുറവും നൽകുന്നുണ്ട്. ധനവകുപ്പ് കൂടുതൽ പണം കൂടി അനുവദിച്ചാൽ പ്രതിസന്ധി പൂർണമായി നീങ്ങും.

സപ്ലൈകോയിൽ കാലിയായിരുന്ന റാക്കുകൾ എല്ലാം നിറഞ്ഞുതുടങ്ങി. പയറും ഉഴുന്നും മുളകും വെളിച്ചെണ്ണയും തുടങ്ങി ഒട്ടുമിക്ക സാധനങ്ങൾ എല്ലാം ഔട്ട്ലെറ്റുകളിലേക്ക് എത്തിച്ചു. കഴിഞ്ഞ ഓണക്കാലത്ത് തുടങ്ങിയ പ്രതിസന്ധിയിൽ നിന്ന് തിരിച്ചു വരവിന്റെ പാതയിലാണ് അമ്പതാം വാർഷികത്തോടനുബന്ധിച്ച് സപ്ലൈകോ. പഞ്ചസാര കൂടി എത്തിയാൽ പൂർണ്ണമായും സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ നിന്ന് വാങ്ങാം. വടക്കൻ കേരളത്തിലെ ചില ഔട്ട്ലെറ്റുകളിൽ പഞ്ചസാര എത്തിത്തുടങ്ങി. പരിപ്പിന്‍റെ ലഭ്യതയിലും ചെറിയ ക്ഷാമം നേരിടുന്നുണ്ട്. ഒരാഴ്ചക്കകം എല്ലാ ഔട്ട്ലെറ്റുകളിലും 13 ഇന സാധനങ്ങളും ഉറപ്പാക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്‍റെ നീക്കം. സപ്ലൈകോയുടെ സ്വന്തം ഉൽപ്പന്നമായ ശബരി അടക്കമുള്ള എഫ്എംസിജി സാധനങ്ങൾക്ക് വലിയ ഓഫറും നൽകുന്നുണ്ട്. നേരത്തെ സപ്ലൈകോയിലെത്തി നിരാശരായി മടങ്ങിയിരുന്ന ആളുകളുടെ മുഖത്ത് ഇന്ന് സന്തോഷമുണ്ട്.

വിതരണക്കാർക്ക് നൽകാനുള്ള തുക കൂടി ലഭ്യമാക്കിയാൽ അല്ലലില്ലാതെ സപ്ലൈകോയ്ക്ക് മുന്നോട്ടു പോകാം. ധന വകുപ്പ് യഥാസമയം പണം നൽകുമെന്ന് പ്രതീക്ഷയിലാണ് അൻപതാം വാർഷികത്തിൽ സപ്ലൈകോ.

You cannot copy content of this page