Breaking News

ഇന്‍ഡ്യയ്ക്ക് വീണ്ടും കനത്ത തിരിച്ചടി; മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദ്ദവ് സേന തനിച്ച് മത്സരിക്കും.

Spread the love


മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഇന്‍ഡ്യ സഖ്യത്തിനും മഹാവികാസ് അഘാഡിക്കും നിരാശ നല്‍കുന്ന വാര്‍ത്ത.
മാസങ്ങള്‍ക്കകം മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ദവ് പക്ഷം ഒറ്റയ്ക്കു മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യ ടുഡേ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് ഉദ്ദവ് സേന തുടക്കമിട്ടിരിക്കുകയാണ്. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ഒറ്റയ്ക്കു മത്സരിച്ചാലുള്ള സാധ്യതകളാണ് ഇപ്പോള്‍ പാര്‍ട്ടി പരിശോധിക്കുന്നത്. ജൂണ്‍ 12ന് മുംബൈയിലെ സേന ഭവനില്‍ നടന്ന യോഗത്തില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

ഒറ്റയ്ക്ക് മത്സരിച്ചാലുള്ള വിജയസാധ്യതകള്‍ വിലയിരുത്താന്‍ സംസ്ഥാനത്തെ മുഴുവന്‍ സമ്ബര്‍ക്ക് പ്രമുഖുകളോടും(കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്മാര്‍) ഉദ്ദവ് നിര്‍ദേശിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഡ്യ സഖ്യത്തോടൊപ്പം തെരഞ്ഞെടുപ്പിനെ നോരിടുന്നതാണോ ഒറ്റയ്ക്കു മത്സരിക്കുന്നതാണോ പാര്‍ട്ടിക്കു ഗുണമെന്നാണു പരിശോധിക്കുക.

പാര്‍ട്ടി പിളര്‍പ്പിനുശേഷമുള്ള ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് ഇത്തരമൊരു ആലോചനയിലേക്ക് ഉദ്ദവ് സേനയെ നയിച്ചതെന്നു വ്യക്തമാണ്. ശിവസേനയുടെ ശക്തനായ നേതാവായ ഏക്‌നാഥ് ഷിന്‍ഡെയും ഒപ്പമുള്ള എം.എല്‍.എമാരെയും അടര്‍ത്തിയെടുത്ത് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ജനം ഉദ്ദവിനൊപ്പമാണെന്നു വ്യക്തമാക്കുന്നതാണു തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മഹാവികാസ് അഘാഡി സഖ്യത്തില്‍ മത്സരിച്ച ഉദ്ദവ് സേന സംസ്ഥാനത്തെ ഒന്‍പതിടത്ത് വിജയിച്ചിരുന്നു. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മഹായുതി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ഷിന്‍ഡെ പക്ഷത്തിന് ജയിക്കാനായത് ഏഴിടത്തും.

എന്നാല്‍, 13 സീറ്റുമായി കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാണ് ഉദ്ദവിന് ഇത്രയും സീറ്റ് നേടാനായതെന്നും വിലയിരുത്തലുണ്ട്. ഉദ്ദവിനു ലഭിച്ചത് മറാഠി വോട്ടല്ലെന്നും മോദി വിരുദ്ധരാണ് അവര്‍ക്ക് വോട്ട് ചെയ്തതെന്നുമാണ് ഇപ്പോള്‍ ഷിന്‍ഡെ പക്ഷവും ബി.ജെ.പിയുമെല്ലാം വാദിക്കുന്നത്. യഥാര്‍ഥ ശിവസേനക്കാര്‍ തങ്ങളോടൊപ്പമാണെന്ന വാദമുറപ്പിക്കാനായാണ് ഷിന്‍ഡെയും ബി.ജെ.പിയുമെല്ലാം ഇത്തരമൊരു അവകാശവാദവുമായി എത്തിയിരിക്കുന്നത്.

എന്നാല്‍, നിയമസഭയിലേക്ക് ഒറ്റയ്ക്ക് മത്സരിക്കാനാണ് ഉദ്ദവ് തീരുമാനിക്കുന്നതെങ്കില്‍ ഇന്‍ഡ്യ സഖ്യത്തിനു കൂടിയുള്ള തിരിച്ചടിയാകുമതെന്ന് ഉറപ്പാണ്. കോണ്‍ഗ്രസും ഉദ്ദവ് സേനയും രണ്ടു പക്ഷത്ത് നിന്നാല്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന മുന്നണിക്കാകും അതു ഗുണം ചെയ്യുകയെന്നുറപ്പാണ്. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭരണമുറപ്പിക്കാനുള്ള സാധ്യത കൂടിയാകും ഇതുവഴി തുറക്കുകയെന്ന വിലയിരുത്തലുമുണ്ട്.

You cannot copy content of this page