കൊച്ചി: കൊച്ചിൻ വിമാനത്താവളത്തിൽ ഇനി മുതൽ യാത്രക്കാർക്ക് ബാഗേജുകൾ സ്വയം ചെക്ക് ഇൻ ചെയ്യാം. യാത്രക്കാരുടെ സൗകര്യത്തിനും സേവനപ്രവർത്തന ക്ഷമത കൂട്ടാനുമാണിത്. കടലാസ് രഹിത യാത്രക്കുള്ള ഡിജി യാത്ര സംരംഭത്തിന് പുറമെയാണ് സിയാൽ ഇപ്പോൾ സെൽഫ് ബാഗ് ഡ്രോപ് സംവിധാനവും ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര മേഖലയിലെ 95 ശതമാനം യാത്രക്കാർക്കും ഇനി ഈ സൗകര്യം പ്രയോജനപ്പെടുത്താം. പത്ത് കോമൺ യൂസ് സെൽഫ് സർവീസ് കിയോസ്കുകളിൽ നിന്ന് ബോർഡിങ് പാസിന്റെയും ബാഗ് ടാഗുകളുടെയും പ്രിന്‍റെടുക്കാം. ടാഗ് സ്റ്റിക്കർ ബാഗിൽ ഒട്ടിച്ചിട്ട് യാത്രക്കാർക്ക് സ്വന്തം നിലയിൽ ബാഗ് ഡ്രോപ് സംവിധാനത്തിലേക്കിടാം.
നാല് സെൽഫ് ബാഗ് ഡ്രോപ് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദക്ഷിണ കൊറിയയിലെ സോൾ വിമാനത്താവളത്തിലെ അതേ സംവിധാനമാണ് കൊച്ചിയിലും ഏർപ്പെടുത്തിയിരിക്കുന്നത്. ബോർഡിങ് പാസെടുക്കാതെ തന്നെ ബാഗേജുകൾ ചെക്ക് ഇൻ ചെയ്യാൻ കഴിയുക എന്നതാണ് ഇനി സിയാലിന്റെ ലക്ഷ്യം.