Breaking News

‘ഇനി ജയിക്കണമെങ്കില്‍ ബിജെപിയില്‍ ചേരണം’; കെ മുരളീധരനെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രന്‍

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ മുരളീധരനെ സ്വാഗതം ചെയ്ത് ബിജെപി. മുരളീധരന്‍ ഇനി ജയിക്കണമെങ്കില്‍ ബിജെപിയിലേക്ക് എത്തണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. സിപിഐഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലെത്തും. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ മൂന്നാം സ്ഥാനത്തായിരിക്കുമെന്ന് താന്‍ നേരത്തെ പറഞ്ഞതാണ്. ഇനിയൊരു തെരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിക്കണമെങ്കില്‍ ബിജെപിയൊടൊപ്പം വരേണ്ടിവരും. എല്ലാ പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ ബിജെപിയിലേക്ക് വരും. സിപിഐഎമ്മില്‍ നിന്നുള്‍പ്പെടെ നേതാക്കള്‍ വരാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. സിപിഐഎം നേതാക്കളുടെ ബൂത്തില്‍ വരെ ബിജെപിക്ക് ആണ് ലീഡുണ്ടായത്. മികച്ച പ്രകടനം കാഴ്ചവച്ച പതിനൊന്ന് മണ്ഡലങ്ങളിലും ജയിക്കാനാണ് ഇനി പദ്ധതി.

തൃശൂരിലെ ബിജെപി വിജയം സംഘടനാ മികവ് കൊണ്ടും സുരേഷ് ഗോപിയുടെ സ്വീകാര്യത കൊണ്ടുമാണ്. ക്രിസ്ത്യന്‍ സമൂഹം ബിജെപിയെ തോല്‍പിക്കാന്‍ ശ്രമിച്ചില്ല. തൃശൂരില്‍ ബിജെപി പുതുതായി 45000 വോട്ടുകള്‍ ചേര്‍ത്തു. ബിജെപി മുന്നണി വിപുലീകരിക്കുമെന്നും എന്‍ഡിഎയില്‍ പുതിയ കക്ഷികള്‍ വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് ഏത് വിഭാഗവുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്.

അതേസമയം രാമക്ഷേത്രം മുന്‍നിര്‍ത്തി ബിജെപി തന്ത്രങ്ങള്‍ പയറ്റിയ അയോധ്യയിലെ തോല്‍വിയിലും സുരേന്ദ്രന്‍ പ്രതികരിച്ചു. അയോധ്യയില്‍ തോറ്റത് ആഘോഷമാക്കണ്ടെന്നും മോദിക്ക് മുന്നണി ഭരണം ഒരു പ്രശ്‌നമല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

You cannot copy content of this page