തൃശൂരിലെ ഇന്നത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖുശ്ബു എത്തില്ല. ഇൻഡിഗോ വിമാന പ്രതിസന്ധിയെ തുടർന്നാണ് യാത്ര മാറ്റിവെച്ചത്. ഖുശ്‌ബു പങ്കെടുത്തുകൊണ്ട് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ തൃശൂരിൽ റോഡ് ഷോ നിശ്ചയിച്ചിരുന്നെങ്കിലും, വിമാനം ലഭ്യമല്ലാത്തതിനാൽ പരിപാടികൾ അനിശ്ചിതത്വത്തിലാണ്. ഖുശ്‌ബു എത്താത്ത സാഹചര്യത്തിൽ റോഡ് ഷോയും മാറ്റിവെച്ചു. ചെന്നൈയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ കളം പിടിക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. ഖുശ്ബുവിനു പുറമെ മുതിർന്ന നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രചാരണങ്ങളുടെ ഭാഗമാകുമെന്ന് അറിയിച്ചിരുന്നു. തൃശൂർ കോർപ്പറേഷന്റെ തെരഞ്ഞെടുപ്പ് ചുമതല സുരേഷ് ഗോപിക്കാണ്.
പുതിയ സംസ്ഥാന നേതൃത്വത്തിന് കീഴിൽ, സംഘടനാപരമായ തന്ത്രങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് ബിജെപി. നിലവിൽ പഞ്ചായത്ത് സീറ്റുകൾ നിലനിർത്തുക എന്നതാണ് മുൻഗണന. സംഘടനാപരമായി ശക്തമായ പ്രദേശങ്ങളിൽ സീറ്റുകൾ നേടിക്കൊണ്ടോ നിർണായക പങ്ക് വഹിച്ചോ തങ്ങളുടെ സാന്നിധ്യം അറിയിക്കാനും ബിജെപി ആലോചിക്കുന്നു. സംസ്ഥാനത്തെ 19 ഗ്രാമപഞ്ചായത്തുകൾക്ക് പുറമേ, ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് (എൻഡിഎ) പാലക്കാട്, പന്തളം എന്നീ രണ്ട് മുനിസിപ്പാലിറ്റികളും ഭരിക്കുന്നു.
