തൃശൂർ വിയ്യൂർ ജയിലിന്റെ സമീപത്തുനിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം. ബാലമുരുകൻ ചാടിയ തെങ്കാശിയിലെ കടയത്തി മലയിടുക്ക് വളഞ്ഞ് പൊലീസ് സംഘം. കാലാവസ്ഥ പ്രതികൂലമായതിനാൽ ഡ്രോൺ പരിശോധന അസാധ്യമാണ്. 40 ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥർ കടയത്തി മലയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. മഴയും വഴുക്കലും കാരണം ബാലമുരുകൻ ചാടിയ മലയിടുക്കിലേക്ക് പൊലീസ് ഉദ്യോഗസ്ഥർക്ക് എത്താനായില്ല. വെയിൽ ഉറച്ചാൽ പൊലീസും ഫയർഫോഴ്സും മലമുകളിലേക്ക് കയറും.
ബാലമുരുകന്റെ 15 മീറ്റർ അകലെ തമിഴ്നാട് പൊലീസ് എത്തിയതോടെ പാറയുടെ മുകളിൽ നിന്ന് എടുത്തുചാടിയരുന്നു. 150 മീറ്റർ അധികം താഴ്ചയിലേക്ക് ചാടിയ ബാലമുരുകന് പരിക്കേറ്റു എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഭാര്യയെ കാണാൻ വേണ്ടിയാണ് ബാലമുരുകൻ തെങ്കാശിയിൽ എത്തിയത്. അമ്പതോളം വരുന്ന തമിഴ്നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ചാണ് ബാലമുരുകൻ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.
തെങ്കാശി സ്വദേശിയാണ് ബാലമുരുകൻ. കൊലപാതകം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ്. കഴിഞ്ഞമാസം ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയൂർ ജയിലിൽ നിന്ന് തമിഴ്‌നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. തമിഴ്നാട്ടിലെ കേസിൽ കോടതിയിൽ ഹാജരാക്കാനാണ് തമിഴ്നാട് പൊലീസ് സംഘം കൂട്ടിക്കൊണ്ട് പോയത്. ശേഷം, ബാലമുരുഗനെ തിരികെ ജയിലിലെത്തിക്കാനുള്ള യാത്രയിലാണ് കൊടുംക്രിമിനലിന്റെ രക്ഷപ്പെടൽ.
