ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും രക്തത്തിനെ ശുദ്ധീകരിക്കുന്നതിനും കരൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നതും പ്രോട്ടീൻ നിർമ്മിക്കുന്നതും കരളിന്റെ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു.എന്നാൽ കരളിന്റെ പ്രവർത്തിനുണ്ടാകുന്ന മാറ്റം പലപ്പോഴും പ്രകടമാകുന്നത് നമ്മുടെ ചർമ്മത്തിലൂടെയാകും.ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെന്റൽ ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചർമത്തിലുണ്ടാകുന്ന പിഗ്മെന്റേഷൻ, ചർമത്തിന്റെ ഘടനയിലുണ്ടാകുന്ന വ്യത്യാസം എന്നിവ കരൾ രോഗത്തിന്റെ ലക്ഷണങ്ങളാണെന്ന് കണ്ടെത്തി.
കരൾ രോഗത്തിന്റെ പ്രധാന ചർമ്മ ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം ;
മഞ്ഞപ്പിത്തം ; കരൾ പ്രവർത്തനരഹിതമാകുന്നതിന്റെ ആദ്യ ചർമ്മ ലക്ഷണങ്ങളിൽ ഒന്നാണ് മഞ്ഞപ്പിത്തം . ലിവറിന് ബിലിറൂബിൻ ശരിയായി നീക്കം ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. നിറവ്യത്യാസം പലപ്പോഴും കണ്ണിന് ചുറ്റുമാണ് പ്രകടമാകുന്നത്.
കടുത്ത ചൊറിച്ചിൽ ; സാധാരണ ഗതിയിൽ കണ്ടുവരുന്ന ചർമ്മരോഗംങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഇവ അനുഭവപ്പെടുക. കൈപ്പത്തിയിലും കാൽപാദങ്ങളിലുമാണ് ചൊറിച്ചിൽ അനുഭവപ്പെടുക. രാത്രി കാലങ്ങളിലാണ് ചൊറിച്ചിൽ കൂടുതലായി ഉണ്ടാവുക. ബൈൽ ലവണങ്ങൾ ചർമ്മത്തിനടിയിൽ കൂടുന്നതാണ് ഇതിന് കാരണം.
സ്പൈഡർ ആഞ്ജിയോമ; ശരീരത്തിൽ ചിലന്തിവലയോട് സാമ്യമുള്ള പാടുകൾ രൂപപെടുന്നതിനെയാണ് സ്പൈഡർ ആഞ്ജിയോമ എന്ന് പറയുന്നത്. ചർമ്മ ധമനിയെ ചുറ്റിപ്പറ്റിയുള്ള സ്ഫിങ്ക്റ്ററിക് പേശിയുടെ തകരാർ മൂലമാണ് സ്പൈഡർ ആൻജിയോമകൾ ഉണ്ടാകുന്നത്.പാൽമർ എറിത്തമ ; കൈപ്പത്തിയിൽ ചുവപ്പുനിറമാകുന്ന അപൂർവ ചർമ്മരോഗമാണ് പാൽമർ എറിത്തമ. കൈയിലെ ഉപരിതല കാപ്പിലറികളുടെ
വികാസം വർധിക്കുന്നതാണ് പാൽമർ എറിത്തമയുടെ ചുവപ്പുനിറത്തിന് കാരണം. കരൾ സിറോസിസ് ഉള്ളവരിൽ 23% പേർക്കും പാൽമർ എറിത്തമ ഉണ്ടാകുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
നഖത്തിന്റെയും ,ചർമ്മത്തിന്റെയും ഘടനയിലുണ്ടാകുന്ന മാറ്റം ; നഖത്തിന്റെ രൂപത്തിലും ചർമ്മത്തിന്റെ ഘടനയിലുമുള്ള മാറ്റങ്ങൾ കരൾ രോഗത്തിന്റെ ലക്ഷണമാണ്. കരൾ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനായ ആൽബുമിൻ കുറയുന്നതിനാലാണ് നഖങ്ങൾക്ക് വെളുത്ത നിറവും ,മുഖത്ത് വെളുത്ത പാടുകളും ഉണ്ടാകുന്നത്.
