Breaking News

ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസ്: പ്രതി രജനിയുടെ ശിക്ഷാ വിധി ഇന്ന്, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

Spread the love

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷ വിധി ഇന്ന്. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും. കേസിലെ ഒന്നാം പ്രതി പ്രബീഷിന് കോടതി തിങ്കളാഴ്ച്ച വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതിയായ രജനി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയിരുന്നെങ്കിലും ഇവർ മയക്കുമരുന്നു കേസിൽ ഒഢീഷയിൽ ജയിലായതിനാൽ ശിക്ഷ വിധിച്ചില്ല. ഒന്നാം പ്രതിക്ക് ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും രണ്ടാം പ്രതിക്കും ചുമത്തിയിട്ടുണ്ട്. രജനിക്കും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.

ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിത 2021 ജൂലൈ ഒൻപതിനാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം അനിതയുടെ മൃതദേഹം പൂക്കൈത ആറിൽ നിന്നു കണ്ടെത്തുകയായിരുന്നു. കേസിൽ അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷും ഇയാളുടെ സുഹൃത്തും കൈനകരിക്കാരിയുമായ രജനിയുമാണ് അറസ്റ്റിലായത്. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗർഭണിയായതിന് പിന്നാലെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയായിരുന്നു രജനിയെ കൂട്ട് പിടിച്ചുള്ള കൊലപാതകം. രജനിയുടെ വീട്ടിൽ വച്ച് രണ്ടുകുട്ടികളുടെ അമ്മയായ അനിതയെ പ്രബീഷ് കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി. നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാന്‍ രജനി വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേർന്നു പൂക്കൈത ആറ്റിൽ ഉപേക്ഷിച്ചു എന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ.

You cannot copy content of this page