കോൺഗ്രസ് ഭരണമുള്ള ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. തെലങ്കാനയിലും കർണാടകയിലും മാത്രമാണ് കോൺഗ്രസിന് ഏക ആശ്വാസം. എന്നാലിതാ കർണാടകയിൽ ഗ്രൂപ്പ് വടംവലി ശക്തമായിരിക്കുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വിമത നീക്കം ശക്തമായതോടെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ആടിയുലയുകയാണ്. ബി ജെ പിയുടെ കുത്തക തകർത്ത് രണ്ടര വർഷം മുൻപാണ് കർണാടക ഭരണം കോൺഗ്രസ് പിടിച്ചെടുത്തത്. ഇത് ദേശീയതലത്തിൽ കോൺഗ്രസിന് ഏറെ ആശ്വാസമുണ്ടാക്കിയ വിജയവുമായിരുന്നു.
കേരളത്തിലടക്കം തിരിച്ചടിയുണ്ടായതോടെ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് വലിയ പരീക്ഷണം നേരിട്ടുകൊണ്ടിരിക്കെയാണ് കർണാടകയിൽ ജീവശ്വാസമെന്നപോലെ അധികാരത്തിലെത്തുന്നത്. പി സി സി അധ്യക്ഷനായിരുന്ന ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് നീക്കങ്ങൾ ഫലം കണ്ടു. ബി ജെ പിയെയും, ജെ ഡി എസിനേയും ഒരു പോലെ പരാജയപ്പെടുത്തി ഭൂരിപക്ഷം നേടി. ഡി കെ ശിവകുമാർ വിജയ ശില്പിയായി. എന്നാൽ മുഖ്യമന്ത്രിയായി ഹൈക്കമാന്റ് നിയോഗിച്ചത് സിദ്ധരാമയ്യയെന്ന പഴയ സോഷ്യലിസ്റ്റിനെയായിരുന്നു. ജെ ഡി എസിൽ നിന്നും കോൺഗ്രസിൽ എത്തിയ സിദ്ധരാമയ്യയയെ മുഖ്യമന്ത്രിയാക്കുന്നതിനോട് പി സി സി അധ്യക്ഷനായ ഡി കെ ശിവകുമാർ വിയോജിച്ചു. എന്നാൽ പാർട്ടി തീരുമാനം അംഗീകരിക്കണമെന്നായിരുന്നു എ ഐ സി സി യുടെ നിർദേശം.
സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് രണ്ടര വർഷം തുടരാനും, ശേഷിക്കുന്ന രണ്ടര വർഷം ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാവുമെന്നായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം വിശ്വസിച്ചിരുന്നത്. എന്നാൽ രണ്ടര വർഷം പിന്നിടുമ്പോഴും അധികാര കൈമാറ്റത്തിന് സിദ്ധരാമയ്യ തയ്യാറായിട്ടില്ല. ഇതാണ് കർണാടക കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഡി കെ ശിവകുമാർ തനിക്ക് മുഖ്യമന്ത്രിസ്ഥാനം കൈമാറണമെന്ന് ഒരിടത്തും ആവശ്യമുന്നയിച്ചിട്ടില്ല. എന്നാൽ താൻ കെ പി സി സി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാറാണെന്നും, ഒരേ ചുമതലയിൽ തന്നെ ദീർഘകാലം തുടരാൻ താല്പര്യമില്ലെന്നും പരസ്യ പ്രസ്താവന നടത്തിയത് നവംബർ 20 നായിരുന്നു. സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷം പൂർത്തിയാവുന്ന ദിനത്തിലാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണമെന്നതാണ് കോൺഗ്രസിനെ വെട്ടിലാക്കിയത്.നേതൃമാറ്റം സംബന്ധിച്ച് ഡൽഹിയിൽ ചർച്ചകൾ നടക്കുകയാണെന്നും, ഉടൻ തീരുമാനം ഉണ്ടാവുമെന്നുമാണ് ഹൈക്കമാന്റ് അറിയിച്ചിരിക്കുന്നത്. കർണാടകത്തിൽ ഭരണം പിടിക്കാനായി ബി ജെ പി സകല വിദ്യകളും പയറ്റുന്നതിനിടയിലാണ് ഡി കെ യുടെ വിമത നീക്കമെന്നതും ശ്രദ്ധേയമാണ്.
ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെങ്കിൽ സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാവും. ഇതേ സമയം പരമേശ്വരയെ പോലുള്ള നേതാക്കളും മുഖ്യമന്ത്രി പദത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. പരമേശ്വര സിദ്ധരാമയ്യ പക്ഷക്കാരനാണ്.
കർണാടകയിൽ ഭരണത്തകർച്ചയുണ്ടാവാതെ നോക്കാനുള്ള നിർദേശമാണ് എ ഐ സി സി അധ്യക്ഷൻ മല്ലികാർജുന ഖർഗെ നൽകിയിരിക്കുന്നത്. സ്വന്തം തട്ടകത്തിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാവാതിരിക്കാനുള്ള ബാധ്യത ഖർഗെയ്ക്കുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വാദം. ഇരുനേതാക്കളേയും എ ഐ സി സി ആസ്ഥാനത്ത് എത്തിച്ച് ഒരുമിച്ചിരുത്തി ചർച്ചകളിലൂടെ നേതൃമാറ്റ തർക്കത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഹൈക്കമാന്റ്.
