കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോളുകള്‍ തള്ളി പ്രാദേശിക സര്‍വ്വേ ,

Spread the love


തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന ദേശീയ ഏജൻസികളുടെ എക്സിറ്റ് പോള്‍ സർവ്വേകള്‍ തള്ളി മനോരമാ ന്യൂസിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍.
മനോരമ ന്യൂസും വിഎംആറും ചേർന്ന് നടത്തിയ സർവ്വേ പ്രകാരം കേരളത്തില്‍ യുഡിഎഫിനാണ് മുൻതൂക്കം. ബിജെപിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന് പ്രവചിക്കുന്ന സർവ്വേ പ്രകാരം അവർ ഏറ്റവുമധികം പ്രതീക്ഷ വെക്കുന്ന തൃശ്ശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകുമെന്നാണ് വ്യക്തമാക്കുന്നത്. യുഡിഎഫിന് 16 മുതല്‍ 18 സീറ്റ് വരെയും എല്‍ഡിഎഫിന് 2 മുതല്‍ നാല് സീറ്റ് വരെയും ലഭിക്കുമെന്നാണ് മനോരമാ-വിഎംആർ സർവ്വേയുടെ പ്രവചനം.

യു.ഡി.എഫിന് 42.06 ശതമാനവും എല്‍.ഡി.എഫിന് 35.09 ശതമാനവും എൻ.ഡി.എയ്ക്ക് 18.64 ശതമാനവും വോട്ട് നേടുമെന്നാണ് എക്സിറ്റ് പോളിന്റെ പ്രവചനം. യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും വോട്ട് വിഹിതം യഥാക്രമം 4.76 ശതമാനവും 0.64 ശതമാനവും കുറയുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ദേശീയ ഏജൻസികള്‍ക്ക് സമാനമായി കേരളത്തില്‍ എൻഡിഎ തങ്ങളുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുമെന്ന് മനോരമയുടെ സർവ്വേയും പ്രവചിക്കുന്നു. എന്നാല്‍ അത് മറ്റ് ഏജൻസികള്‍ പറഞ്ഞ അത്രയും വർദ്ധനവുണ്ടാകില്ലെന്നും വ്യക്തമാക്കുന്നു.

മനോരമ വിഎംആർ എക്സിറ്റ് പോള്‍ പ്രകാരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി രണ്ടാം സ്ഥാനത്തെത്തും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ 35.35 ശതമാനം വോട്ടുകള്‍ നേടി മൂന്ന് തവണ സിറ്റിംഗ് എംപിയായ ശശി തരൂരിന് പിന്നിലായി രണ്ടാം സ്ഥാനത്തെത്തുമെന്ന് പ്രവചിക്കുന്ന സർവ്വേ 37.86 ശതമാനം വോട്ടുകള്‍ നേടി തരൂർ തിരുവനന്തപുരം നിലനിർത്തുമെന്നും പ്രവചിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് 25.58 ശതമാനം വോട്ടുകളാണ് സർവ്വേ നല്‍കുന്നത്.

പത്തനംതിട്ടയില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനില്‍ ആന്റണി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. അനില്‍ 32.17 ശതമാനം വോട്ട് നേടുമെന്നും സിറ്റിംഗ് എംപിയായ ആന്റോ ആന്റണിക്ക് 36.53 ശതമാനം വോട്ട് ലഭിക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. മുൻ മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസക്ക് 27.7 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്താകുമെന്നും സർവ്വേ പ്രവചിക്കുന്നു.

മനോരമയുടെ സർവ്വേ ബിജെപിക്ക് ഏറ്റവും വിഷമകരമായ അവസ്ഥ പ്രവചിക്കുന്നത് തൃശ്ശൂരിലാണ്. ബിജെപി ഏറ്റവും പ്രതീക്ഷയോടെ കാണുന്ന സീറ്റായ തൃശ്ശൂരില്‍ അവരുടെ സ്റ്റാർ ക്യാൻഡിഡേറ്റായ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. കെ മുരളീധരനിലൂടെ 37.53 ശതമാനം വോട്ട് നേടി യു ഡി എഫ് സീറ്റ് നിലനിർത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 30.72 ശതമാനം വോട്ടുകളുമായി സി പി ഐ സ്ഥാനാർത്ഥി വി എസ് സുനില്‍കുമാർ രണ്ടാം സ്ഥാനത്തെത്തുമ്ബോള്‍ സുരേഷ് ഗോപി 29.55 ശതമാനം വോട്ട് നേടി മൂന്നാമതാകുമെന്നുമാണ് സർവ്വേ പ്രവചിക്കുന്നത്. 2019 ല്‍ 28.19 ശതമാനം വോട്ടുകളാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ നേടിയത്.

യു.ഡി.എഫിലെ വി.കെ.ശ്രീകണ്ഠനില്‍ നിന്ന് എ വിജയരാഘവനിലൂടെ പാലക്കാട് സീറ്റ് തിരിച്ചുപിടിക്കാൻ എല്‍.ഡി.എഫിന് കഴിയുമെന്നാണ് മനോരമയുടെ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബിലിനെ പരാജയപ്പെടുത്തിക്കൊണ്ട് സീറ്റ് പിടിച്ചെടുക്കാൻ കെ.കെ ശൈലജയ്ക്ക് കഴിയുമെന്നും സർവ്വേ പ്രവചിക്കുന്നു. കണ്ണൂരും ആലത്തൂരും 2019 ലെ പോലെ യുഡിഎഫിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നും രണ്ടിടങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും മനോരമ-വിഎംആർ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

13.65 ശതമാനം വോട്ട് കുറയുമെങ്കിലും അനായാസ ജയത്തോടെ വയനാട് രാഹുല്‍ ഗാന്ധി നിലനിർത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. രാഹുലിന് 50.99 ശതമാനം വോട്ടും സിപിഐ സ്ഥാനാർഥി ആനി രാജയ്ക്ക് 35.48 ശതമാനം വോട്ടും ലഭിക്കുമ്ബോള്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് 10.65 വോട്ടുകള്‍ മാത്രമേ ലഭിക്കൂവെന്നും സർവ്വേ വിലയിരുത്തുന്നു.

ആലപ്പുഴയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ജയിച്ചു കയറുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. 2019 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഏക പച്ചതുരുത്തായി മാറിയ ആലപ്പുഴയില്‍ എഎം ആരിഫിനെ പരാജയപ്പെടുത്തിക്കൊണ്ട് വേണുഗോപാല്‍ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

You cannot copy content of this page