സ്വന്തം ടീമംഗത്തെ മുഖത്തടിച്ച് പുറത്തായി എവര്‍ട്ടണ്‍ താരം; പത്തുപേരായിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പൊരുതി ജയിച്ചു

Spread the love

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും എവര്‍ട്ടണും തമ്മിലുള്ള മത്സരം ആരംഭിച്ച് കുറച്ചു നിമിഷം പിന്നിട്ടതെ ഉണ്ടായിന്നുള്ളു. എവര്‍ട്ടണ്‍ മിഡ്ഫീല്‍ഡര്‍ ഇദ്രിസ ഗ്യൂയിയെ സഹതാരം മൈക്കല്‍ കീനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നു. പെട്ടന്ന് അത് കൈയ്യാങ്കളിയിലേക്ക് എത്തുന്നു. ഇതിനിടെ ഇദ്രിസ ഗ്യൂയിയെ മൈക്കല്‍ കീനിനെ മുഖത്തടിച്ചുവെന്ന് റഫറി കണ്ടെത്തി. മറ്റൊന്നും നോക്കിയില്ല റഫറി ടോണി ഹാറിങ്ടണ്‍ നേരിട്ട് റെഡ് കാര്‍ഡ് എടുത്തു ഇദ്രിസക്ക് നേരെ കാണിച്ചു. കമന്റേറ്റര്‍മാരും കാണികളും ഞെട്ടിയ നിമിഷമായിരുന്നു അത്. സ്വന്തം ടീമിലെ കളിക്കാര്‍ തന്നെ അച്ചടക്കം ലംഘിച്ച് നടപടിക്ക് വിധേയമായിരിക്കുന്നു. മത്സരം തുടങ്ങി വെറും പതിമൂന്ന് മിനിറ്റ് പിന്നിടുന്നതിനിടയില്‍ തന്നെ എവര്‍ട്ടണ് ഒരു മിഡ്ഫീല്‍ഡറെ നഷ്ടമായി. പെനാല്‍റ്റി ഏരിയയ്ക്കുള്ളില്‍ മൈക്കല്‍ കീനിന് നല്‍കിയ പാസുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും തര്‍ക്കിച്ചത്.

പത്ത് പേരായി ചുരുങ്ങിയ എവര്‍ട്ടണ്‍ പക്ഷേ പിന്നോട്ട് പോകാന്‍ തയ്യാറായിരുന്നില്ല എന്നതായിരുന്നു പിന്നീട് കണ്ട കാഴ്ച്ചകള്‍. ടീമിലെ രണ്ട് ഇംഗ്ലീഷ് താരങ്ങള്‍ കിട്ടിയ അവസരം മുതലെടുത്തു. ജെയിംസ് ഡേവിഡ് ഗാര്‍നര്‍ നല്‍കിയ പാസ് സ്വീകരിച്ച് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ഗോള്‍മുഖത്ത് ഇരച്ചെത്തിയ ഡ്യൂസ്ബറി ഹാള്‍ തൊടുത്ത സുന്ദരമായ ഷോട്ട് ഗോള്‍മകീപ്പര്‍ സെന്നി ലാമന്‍സിനെ കാഴ്ച്ചക്കാരനാക്കി പോസ്റ്റിന്റെ ഇടത് ടോപ്‌കോര്‍ണറിലേക്ക് കയറിപ്പോയി. ആദ്യസംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് എവര്‍ട്ടണ്‍ ആരാധകരെ മോചിപ്പിക്കാന്‍ പോന്നതായിരുന്നു ആ ഗോള്‍. പത്ത് പേരായി ചുരുങ്ങിയ ടീം ലീഡ് എടുത്തതോടെ നിര്‍ത്താതെ എവര്‍ട്ടണ്‍ ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ തൊടുത്തുവിടുകയായിരുന്നു യുണൈറ്റഡ്. എന്നാല്‍ ജോര്‍ദ്ദാന്‍ ലി പിക്‌ഫോര്‍ഡ് എന്ന ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പറക്കും മനുഷ്യനായി അവസാന നിമിഷം വരെയും എവര്‍ട്ടണ്‍ വല കാത്തു. ഫലത്തില്‍ ഈ തോല്‍വിയോടെ പ്രീമിയര്‍ലീഗ് ടേബിളില്‍ മൂന്നാമത് എത്തേണ്ടിയിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പത്താം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. ഒരാളുടെ കുറവ് മുതലെടുക്കാന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ആയില്ല.

You cannot copy content of this page