Breaking News

കാഴ്ച മങ്ങൽ, ഡോക്ടറെ കാണാനെത്തിയ യുവതിക്ക് സ്ഥിരീകരിച്ചത് ഗുരുതരമായ വൃക്കരോഗം

Spread the love

രോഗങ്ങൾ സ്ഥിരീകരിക്കുന്നതിന് മുമ്പ് ശരീരം പലതരത്തിലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കും. എന്നാൽ പലപ്പോഴും ലക്ഷണങ്ങളെ നിസ്സാരമാക്കുക വഴി രോഗസ്ഥിരീകരണം വൈകുകയും ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്യും. അത്തരത്തിലൊരു അനുഭവമാണ് ഉനൈസ എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. കാഴ്ചയ്ക്ക് മങ്ങലുമായി ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്കെത്തിയ തനിക്ക് ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ചതിനേക്കുറിച്ചാണ് കുറിപ്പ്.

ക്രോണിക് കിഡ്നി ഡിസീസ് സർവൈവർ എന്നാണ് ഉനൈസ ഇൻസ്റ്റഗ്രാം പേജിൽ തന്നെ വിശേഷിപ്പിക്കുന്നത്. കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ പ്രശ്നമുള്ളതൊന്നും ആയിരിക്കില്ലെന്നാണ് താൻ കരുതിയതെന്ന് ഉനൈസ കുറിക്കുന്നു. കണ്ണടയുടെ പവർ കൂട്ടേണ്ടതുകൊണ്ട് ആവാമെന്നും ഗൗരവകരമായി ഒന്നും ഉണ്ടാവില്ലെന്നും കരുതി. പക്ഷേ പിന്നീട് നേത്രരോഗവിദഗ്ധനെ കണ്ടപ്പോൾ അഞ്ചു മിനിറ്റിനുള്ളിൽ തീരുന്ന പരിശോധനയായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ അത് ജീവിതത്തിലെ അപ്രതീക്ഷിതമായൊരു ഏടു തുറക്കലായിരുന്നുവെന്ന് യുവതി കുറിക്കുന്നു.

‘’പരിശോധനകൾക്കൊടുവിൽ ഡോക്ടർ പറഞ്ഞത് ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല, എന്റെ വൃക്കകളുടെ പ്രവർത്തനം നിലച്ചുതുടങ്ങിയെന്നായിരുന്നു. കണ്ണിനു പ്രശ്നമായി വന്ന് വൃക്കയുടെ തകരാറിലേക്ക് എത്തിയതെങ്ങനെയെന്ന് അമ്പരപ്പോടെ ആലോചിച്ചിരിക്കുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ മുഴുവൻ ലോകം തന്നെ മാറിമറിഞ്ഞു. സ്വപ്നം കണ്ട ഡിഗ്രിക്കും ആവേശത്തോടെ കണ്ട ഭാവിക്കുമായി തയ്യാറെടുക്കുന്നതിനിടെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ആവുന്നത്. നിരവധി രക്ത പരിശോധനകൾക്കും സ്കാനുകൾക്കുമൊടുവിൽ ക്രിയാറ്റിനിൻ, യൂറിയ, വൃക്കരോഗത്തിന്റെ അവസാനഘട്ടം എന്നാെക്കെയുള്ള വാക്കുകൾ കേട്ടു’’- യുവതി കുറിക്കുന്നു.

തന്റെ അവസ്ഥയ്ക്ക് പരിഹാരമില്ലെന്നും ജീവിതകാലം ചികിത്സ തുടരേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞുവെന്ന് യുവതി കുറിക്കുന്നു. അത്രകാലം നോർമൽ ആണെന്നുകരുതിയ പലകാര്യങ്ങളും മാറാൻ പോകുന്നു. അതോടെ താൻ കരുത്തും ക്ഷമയും എന്താണെന്ന് പഠിക്കുകകൂടിയായിരുന്നുവെന്നും യുവതി കുറിച്ചു.വൃക്കരോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളിലൊന്നല്ലെങ്കിലും ശ്രദ്ധിക്കേണ്ട ലക്ഷണമാണ് കണ്ണിനുവരുന്ന അസ്വസ്ഥതകൾ. കണ്ണിന് മങ്ങൽ, വരളുക, കണ്ണിനു ചുറ്റുമുള്ള കറുപ്പ് തുടങ്ങിയവയ്ക്കൊപ്പം റെറ്റിനോപ്പതി, ഗ്ലോക്കോമ തുടങ്ങിയ ഗൗരവകരമായ പ്രശ്നങ്ങളും കാണാം. വൃക്കയുടെ പ്രവർത്തനം തകരാറിലാവുക വഴി ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചു പുറന്തള്ളുന്ന പ്രവർത്തനവും ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണം, ദ്രാവകങ്ങൾ ഇവയെല്ലാം മൂത്രത്തിലൂടെ പുറന്തള്ളുന്ന പ്രവർത്തനവും തടസ്സപ്പെടും. ഇത് പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയ്ക്കും തുടർന്ന് കാഴ്ചസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.

ഇന്ന്, ലോകത്താകെ ലക്ഷക്കണക്കിന് പേരാണ് വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങളാൽ വലയുന്നത്. വൃക്കകളുടെ അനാരോഗ്യം ശരീരത്തിലുടനീളം മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. അതിനാൽ, വൃക്കയുടെ ആരോഗ്യം നിലനിർത്തുന്നതിനായി രോഗം നേരത്തെ കണ്ടെത്തേണ്ടത് നിർണായകമാണ്. അത്തരത്തിൽ, വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാകാൻ സാധ്യതയുള്ള ചില മുന്നറിയിപ്പുകൾ പരിശോധിക്കാം.

മൂത്രമൊഴിക്കുന്നതിലുണ്ടാകുന്ന മാറ്റങ്ങൾ

മൂത്രമൊഴിക്കുന്നതിലെ അളവിലും സമയത്തിലുമുണ്ടാകുന്ന വ്യത്യാസങ്ങളാണ് വൃക്കരോഗത്തിന്റെ ഏറ്റവും വലിയ ലക്ഷണങ്ങൾ. രാത്രികാലങ്ങളിൽ പതിവിലും കൂടുതൽ തവണ മൂത്രമൊഴിക്കാൻ തോന്നുന്നെങ്കിൽ ശ്രദ്ധിക്കണം. സാധാരണയിലും കുറഞ്ഞ അളവിലാണ് മൂത്രം പോകുന്നതെങ്കിലും ശ്രദ്ധ വേണം. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, മൂത്രത്തിൽ പതയോ കുമിളകളോ കാണപ്പെടുക എന്ന ലക്ഷണങ്ങളുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണേണ്ടതാണ്. വൃക്കകളിൽ നിന്ന് പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു എന്നതിൻ്റെ സൂചനയാണിത്.

ശരീരഭാഗങ്ങളിലെ നീര്വൃക്കകളുടെ പ്രവർത്തനം ശരിയല്ലെങ്കിൽ ശരീരത്തിലെ ജലാംശം കൃത്യമായ ഫിൽറ്റർ ചെയ്യാൻ സാധിക്കില്ല. ഇത് ശരീരത്തിൽ നീരോ തടിപ്പോ ഉണ്ടാകുന്നതിന് കാരണമാകും. പാദങ്ങളിൽ, കണങ്കാലിൽ, കൈകളിൽ, മുഖത്ത് കണ്ണിന് ചുറ്റുമായി എന്നിവിടങ്ങളിലാണ് സാധാരണ ഈ തടിപ്പ് കാണുന്നത്. കൂടുതൽ നേരം നിൽക്കുമ്പോഴോ രാത്രി സമയങ്ങളിലോ ആയിരിക്കും ഈ നീര് കൂടുതൽ പ്രകടമാകുന്നത്. ഈ രീതിയിലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.

കടുത്ത ക്ഷീണം

വൃക്കകൾ എറിത്രോപോയിറ്റിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമാണത്തിൽ എറിത്രോപോയിറ്റിൻ നിർണായക പങ്കുവഹിക്കുന്നു. എന്നാൽ, വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നത് എറിത്രോപോയിറ്റിൻ ഉത്പാദനം കുറയാൻ കാരണമാകുന്നു. ഇത് വിളർച്ച പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൂടാതെ, ചുവന്ന രക്താണുക്കളുടെ കുറവ് വിട്ടുമാറാത്ത ക്ഷീണം, പേശികളുടെ ബലക്കുറവ്, ചെറിയ ശാരീരികാധ്വാനത്തിന് ശേഷം ഊർജ്ജമില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു. രോഗികളിൽ വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നതിന്റെ ഏറ്റവും ആദ്യത്തെ ലക്ഷണങ്ങളിൽ ഒന്നാണ് ക്ഷീണം.

ചർമത്തിലെ ചൊറിച്ചിൽ

വൃക്കയുടെ പ്രവർത്തനം ശരിയല്ല എന്നതിന്റെ ലക്ഷണമാണ് ചൊറിച്ചിലും വരണ്ട ചർമവും. പുറത്തും കൈകാലുകളിലും കഠിനവും വിട്ടുമാറാത്തതുമായ ചൊറിച്ചിൽ അനുഭവപ്പെടുന്നെങ്കിൽ ശ്രദ്ധിക്കണം. പ്രത്യേകിച്ചും രാത്രിയാണ് ഈ ലക്ഷണങ്ങൾ കാണുക. വൃക്കകൾ പ്രവർത്തനരഹിതമാകുന്നത് കാൽസ്യം, ഫോസ്ഫറസ് പോലുള്ള വസ്തുക്കൾ രക്തത്തിൽ അടിഞ്ഞുകൂടുകയും ചർമത്തിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു. ഇതാണ് ചൊറിച്ചിലിന് കാരണമാകുന്നത്.

You cannot copy content of this page