Breaking News

പശുക്കൾക്ക് തീറ്റയായി നൽകിയ പുല്ലിൽ അരളിയും ശംഖുപുഷ്പവും; അഞ്ച് പശുക്കൾ ചത്തു; വിഷബാധയെന്ന് സംശയം

Spread the love

നെയ്യാറ്റിന്‍കര: ഇരുമ്പലിൽ ക്ഷീരകർഷകന്റെ പശുക്കൾ ചത്തു. തീറ്റപ്പുല്ലിൽ നിന്നുള്ള വിഷബാധയേറ്റാണ് അഞ്ച് പശുക്കൾ ചത്തതെന്നാണ് സംശയം. പശുക്കൾക്ക് നൽകിയ പുല്ലിൽ ശംഖുപുഷ്പവും അരളിച്ചെടിയും ഉണ്ടായിരുന്നെന്ന സംശയവും വീട്ടുകാർ പറഞ്ഞു.

ഇരുമ്പില്‍ ചക്കാലക്കല്‍ വീട്ടില്‍ നന്ദിനിയുടെയും മകന്‍ വിജേഷിന്റെയും അഞ്ച് പശുക്കളാണ് ചത്തത്. സമീപത്തെ പറമ്പില്‍ നിന്നും കൊണ്ടുവന്ന പുല്ലാണ് പശുക്കള്‍ക്ക് നല്‍കിയത്. ഇത് കഴിച്ചശേഷമാണ് പശുക്കള്‍ ചത്തുവീണത്. രണ്ട് പശുക്കള്‍ കൂടി അവശനിലയിലാണ്.

വിഷാംശം ഉള്ളില്‍ ചെന്നതാണ് പശുക്കള്‍ ചാകാനിടയാക്കിയതെന്ന് സ്ഥലത്തെത്തിയ നഗരസഭാ മൃഗാശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. എങ്ങനെയാണ് വിഷം ഉള്ളില്‍ച്ചെന്നതെന്ന് വ്യക്തമല്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

നന്ദിനിയുടേയും മകന്‍ വിജേഷിന്റെയും ഏക വരുമാന മാര്‍ഗമാണ് പശു വളര്‍ത്തല്‍. ഇവര്‍ക്ക് 16 പശുക്കളുണ്ട്. തിങ്കളാഴ്ച രാവിലെയാണ് പശുക്കള്‍ക്ക് പുല്ല് തീറ്റയായി നല്‍കിയത്. വൈകീട്ടോടെ ഒരു പശു ചത്തു. ചൊവ്വാഴ്ച രണ്ട് പശുക്കളും ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ഓരോ പശു വീതവും ചത്തു.

കഴിഞ്ഞ ദിവസം മൃഗാശുപത്രിയില്‍ നിന്നും ഡോക്ടറെത്തി മരുന്ന് നല്‍കിയിരുന്നു. പശുക്കള്‍ ചത്തതോടെ കുടുംബം ആശങ്കയിലാണ്.

You cannot copy content of this page