Breaking News

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് എത്തുന്നത് പത്താം തവണ; സത്യപ്രതിജ്ഞ ഇന്ന്

Spread the love

പട്‌ന: പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയാകാന്‍ നിതീഷ് കുമാര്‍. ബിഹാര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്‌നയിലെ ഗാന്ധി മൈതാനില്‍ രാവിലെ പതിനൊന്നരയോടെയാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. നിതീഷ് കുമാറിനൊപ്പം 22 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. സാമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായി തുടരും.

നിതീഷിനെ എന്‍ഡിഎയുടെ നിയമസഭാ കക്ഷി നേതാവായും എന്‍ഡിഎ യോഗം തെരഞ്ഞെടുത്തിരുന്നു. എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍, ആര്‍എല്‍എം അധ്യക്ഷന്‍ ഉപേന്ദ്ര കുശ്‌വാഹ, എച്ച്എഎം (എസ്) അധ്യക്ഷന്‍ സന്തോഷ് കുമാര്‍ സോമന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് കുമാര്‍ ജയ്‌സ്വാള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് എന്‍ഡിഎയുടെ നേതാവായി നിതീഷിനെ തെരഞ്ഞെടുത്തത്. ബിജെപിയുടെ സാമ്രാട്ട് ചൗധരിയാണ് നിതീഷിന്റെ പേര് മുന്നോട്ട് വെച്ചത്. പിന്നാലെ ഏകകണ്ഠമായി നിതീഷിനെ തെരഞ്ഞെടുക്കുകയായിരുന്നു.

ആർജെഡി നേതാവ് തേജസ്വി യാദവാണ് ബിഹാറിലെ പ്രതിപക്ഷ നേതാവ്. പട്‌നയിലെ ആർജെഡി നിയമസഭാ കക്ഷിയോഗത്തിലാണ് തേജസ്വിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും തേജസ്വിയായിരുന്നു. എന്നാൽ മഹാസഖ്യത്തിന് തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിടേണ്ടിവന്നു. 243 നിയമസഭാ സീറ്റുകളിൽ എൻഡിഎ 202 സീറ്റുകളിൽ വിജയിച്ചു. ഇതിൽ 89 സീറ്റ് ബിജെപി നേടിയപ്പോൾ 85 സീറ്റാണ് നിതീഷ് കുമാർ നയിക്കുന്ന ജെഡിയു നേടിയത്. ആർജെഡി 25 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ വെറും ആറ് സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്.

You cannot copy content of this page