Breaking News

ബംബിളിൽ മാച്ചായ യുവതിയോട് ഫോണിൽ സംസാരിച്ചു; പിന്നാലെ അമ്മയുടെ കോൾ, ചോദ്യം കേട്ട് അമ്പരന്ന് യുവാവ്

Spread the love

ഡേറ്റിം​ഗ് ആപ്പായ ബംബിളിലൂടെ മാച്ചായ യുവതിയോട് സംസാരിച്ചതിന് പിന്നാലെയുണ്ടായ അസാധാരണമായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് യുവാവ്. ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റിലാണ് ഉമാങ് റാണ എന്ന യുവാവ് ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്നത്. യുവതിയോട് സംസാരിച്ചതിന് പിന്നാലെ അവളുടെ അമ്മയും റാണയെ വിളിക്കുകയായിരുന്നു. യുവതിയുടെ അമ്മ റാണയെ വിളിച്ച് അവരുടെ ഓഫീസിന്റെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുമോ എന്ന് ചോദിക്കുകയായിരുന്നുവത്രെ.

‘അങ്ങനെ ഞാൻ ബംബിളിൽ ഒരാളുമായി മാച്ചായി. അതൊരു നോർമൽ ചാറ്റായിരുന്നു, ‘നിങ്ങൾ എവിടെ നിന്നാണ്’ എന്ന മട്ടിലുള്ളത്. ഞങ്ങൾ ഒരു ദിവസം മുഴുവൻ സംസാരിച്ചു. പിറ്റേന്ന് രാവിലെ അവളുടെ അമ്മ എന്നെ വിളിക്കുന്നു, മോനേ നീ എഴുതുകയും മാർക്കറ്റിം​ഗ് കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് കേട്ടു. ഞങ്ങളുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യാമോ എന്നാണ് അവർ എന്നോട് ചോദിച്ചത്’ എന്നാണ് റാണ കുറിക്കുന്നത്.

‘ആദ്യം ഞാൻ കരുതിയത് ഞാൻ തെറ്റായി കേട്ടതാണ് എന്നാണ്. എന്നാൽ, അവർ തുടർന്നു, മോൻ വിശ്വസ്തനും അവിവാഹിതനുമാണ് രണ്ട് കാര്യവും നമുക്ക് നോക്കാം എന്നൊക്കെ പറഞ്ഞെ’ന്നും റാണ പറഞ്ഞു. ഡീലുറപ്പിക്കാൻ വേണ്ടി അഡ്വാൻസായി പേയ്മെന്റ് സ്വീകരിക്കുമോ എന്നുവരെ അവർ റാണയോട് ചോദിച്ചത്രെ. പിറ്റേന്ന് യുവതി മെസ്സേജ് അയച്ചു. അമ്മ കുറച്ച് ഓവറാണ് എന്നും അത് അവ​ഗണിച്ചേക്കൂ എന്നുമാണ് യുവതി പറഞ്ഞത്. എന്നാൽ, റാണ ചോദിക്കുന്നത് താൻ ആരെയാണ് ഡേറ്റ് ചെയ്യുന്നത്, അമ്മയെ ആണോ, മോളെയാണോ അതോ അവരുടെ ബ്രാൻഡിനെയാണോ എന്നാണ്.

recommended by

നിരവധിപ്പേരാണ് പോസ്റ്റിന് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്. ഒരു കുടുംബത്തെ മൊത്തം ഡേറ്റ് ചെയ്യാനായില്ലേ എന്നാണ് ആളുകൾ കമന്റ് ചെയ്തത്. നിങ്ങൾക്ക് ഒരു ജോലിയും കിട്ടും ഒരു പ്രണയവും കിട്ടും, ഇത് പരി​ഗണിച്ചുകൂടേ എന്നായിരുന്നു ഒരാളുടെ കമന്റ്. പ്രണയമായിക്കോട്ടെ, ക്ലയന്റ് ആയിക്കോട്ടെ നിങ്ങൾ ഏത് ദൈവത്തോടാണ് പ്രാർത്ഥിക്കുന്നത് എന്നൊന്ന് പറയാമോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. എന്തായാലും, തനിക്കൊരു ക്ലയിന്റിനെയും ഒരു ഡേറ്റും കിട്ടി എന്ന് അപ്ഡേറ്റ് എന്ന് പറഞ്ഞ് റാണ കുറിച്ചിട്ടുണ്ട്.

You cannot copy content of this page