സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കാര്‍ അപകടത്തില്‍ ഇന്ത്യക്കാരിയായ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം. സമന്വിത ധരേശ്വര്‍ (33) ആണ് മരിച്ചത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. വെള്ളിയാഴ്ച രാത്രി, സിഡ്‌നിയിലെ ഹോണ്‍സ്ബിയിലെ ജോര്‍ജ് സ്ട്രീറ്റിലായിരുന്നു അപകടം. കർണാടക സ്വദേശിയാണ് സമന്വിത എന്നാണ് റിപ്പോർട്ട്.
അപകടത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഭര്‍ത്താവിനും മൂന്നുവയസ്സുകാരനായ മകനുമൊപ്പം നടന്നുപോകുകയായിരുന്നു സമന്വിത. ഇവര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി, ഒരു കിയ കാര്‍ വേഗത കുറച്ചുകൊടുത്തു. ഈ സമയം, അമിത വേഗത്തിലെത്തിയ ഒരു ബിഎംഡബ്ല്യൂ കാര്‍, കിയാ കാറിന്റെ പിന്നില്‍ ഇടിച്ചു. ഇതിന്റെ ആഘാതത്തില്‍ കിയ കാർ സമന്വിതയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമന്വിതയെ വെസ്റ്റ്മീഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അവരെയോ ഗര്‍ഭസ്ഥശിശുവിനെയോ രക്ഷിക്കാനായില്ല.
ഓസ്‌ട്രേലിയന്‍ പൗരനായ ആരോണ്‍ പാപസോഗ്‌ലു എന്ന പത്തൊമ്പതുകാരനായിരുന്നു ബിഎംഡബ്ല്യു ഓടിച്ചിരുന്നത്. ഇയാളെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന്റെ ഗുരുതരസ്വഭാവം പരിഗണിച്ച് ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചിരിക്കുകയാണ്.
