Breaking News

‘ലെറ്റ് ഗോ’; കൊച്ചിയുടെ റോഡ് സുരക്ഷയ്ക്കായി പുതിയ കാമ്പയിൻ; നവംബർ 16ന് തുടക്കം

Spread the love

കൊച്ചി: ‘റോഡ് സേഫ്റ്റി മൈ റെസ്പോൺസിബിലിറ്റി’ എന്ന സന്ദേശവുമായി കൊച്ചിയിലെ റോഡ് സുരക്ഷയ്ക്കായി ‘ലെറ്റ് ഗോ’ എന്ന പുതിയ കാമ്പയിൻ ഒരുങ്ങുന്നു. കേരള മോട്ടോർ വാഹന വകുപ്പും റോട്ടറി കൊച്ചിൻ ഇൻ്റർനാഷണലും സംയുക്തമായാണ് ഈ സംരംഭം സംഘടിപ്പിക്കുന്നത്. നഗരത്തിലെ എൻജിഒകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ വകുപ്പ്, മാധ്യമങ്ങൾ, കായിക കൂട്ടായ്മകൾ ഉൾപ്പെടെയുള്ള നിരവധി സംഘടനകൾ ഇതിൽ പങ്കുചേരുന്നുണ്ട്.

സംസ്ഥാന വ്യാപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി കൊച്ചിയിൽ നവംബർ 16ന് റോഡ് അപകടങ്ങളിൽപ്പെട്ടവരുടെ ദിനമായി ആചരിക്കും. ബോധവൽക്കരണം, സാമൂഹിക ഉത്തരവാദിത്വം, ഓർമ്മപ്പെടുത്തൽ എന്നിവ ലക്ഷ്യമാക്കിയുള്ള ‘ലെറ്റ് ഗോ’ കാമ്പയിൻ്റെ ഔപചാരികമായ തുടക്ക പ്രഖ്യാപനവും അന്നേ ദിവസം നടക്കും. ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ഐ.പി.എസിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കാമ്പയിൻ്റെ ചർച്ചകൾ പൂർത്തിയാക്കിയത്.

റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് നവംബർ 16ന് രാവിലെ 5 മണിക്ക് മോട്ടോർ വാഹന വകുപ്പ് പരിസരത്തും മറ്റ് പ്രധാന സ്ഥലങ്ങളിലും കാൻഡിൽ ലൈറ്റ് വിജിൽ ഒരുക്കും. ഇതിന് ശേഷം പൊതുജനത്തിന് റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി ഒരു സൈക്ലത്തോണും സംഘടിപ്പിക്കുന്നുണ്ട്.ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ഐ.പി.എസ്, സി.എച്ച്.ഇ.ഡി. മേധാവി ഡോ. രാജൻ, റോട്ടറി കൊച്ചിൻ ഇൻ്റർനാഷണലിൻ്റെ പ്രസിഡൻ്റ് മനോജ് കുമാർ പി, റോട്ടറി സൈക്ലത്തോൺ ചെയർമാൻ പി. ചന്ദ്രശേഖരൻ, ലെറ്റ് ഗോ കോ-ഓർഡിനേറ്റർ ആർക്കിടെക്ട് മദൻ ജെറോം തുടങ്ങിയവരാണ് കാമ്പയിൻ്റെ അണിയറയിൽ പ്രവര്‍ത്തിക്കുന്നത്.

You cannot copy content of this page