Breaking News

മലയാളികളുടെ സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍; പിറന്നാള്‍ ആശംസകള്‍ കായികലോകവും ആരാധകരും

Spread the love

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍ ആഘോഷിക്കുകയാണ് . മലയാളികളുടെ അഭിമാനതാരത്തിന് ആശംസകള്‍ നേരുകയാണ് കായികലോകവും ആരാധകരും.
ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസണ്‍. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുമായുള്ള ഉജ്ജ്വല പ്രകടനങ്ങള്‍ 2014ല്‍ സഞ്ജുവിനെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ എത്തിച്ചു. എന്നാല്‍ അരങ്ങേറ്റ മത്സരം കളിക്കാനായത് 2015ല്‍ സിംബാബ്‌വെക്കെതിരെയായിരുന്നു.

ഇന്ന് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഒരു പതിറ്റാണ്ട് പിന്നിടുകയാണ്. ഇതിഹാസങ്ങള്‍ വരെ പാടിപ്പുകഴ്ത്തുമ്പോഴും സഞ്ജുവിന് പക്ഷെ അര്‍ഹിച്ച അവസരങ്ങള്‍ കിട്ടിയിട്ടില്ല. പത്ത് വര്‍ഷത്തിനിടെ 16 ഏകദിനങ്ങളും 51 ട്വന്റി 20യും മാത്രമാണ് താരത്തിന് കളിക്കാനായത്. സഞ്ജുവായിരിക്കുന്നത് ഒട്ടും എളുപ്പമല്ലെന്നതാണ് ക്രിക്കറ്റിലെ പുതിയ കാല ചൊല്ലുകളിലൊന്ന്.

2024ല്‍ കുട്ടി ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറി നേടിയിട്ടും സഞ്ജുവിനെ പിന്നെയും തഴയുകയാണ്. ശുഭ്മാന്‍ ഗില്ലിന്റെ പട്ടാഭിഷേകത്തിനായി ആദ്യം ഓപ്പണര്‍ സ്ഥാനത്തില്‍ നിന്നും ഇപ്പോള്‍ പ്ലെയിങ് ഇലവനില്‍ നിന്നു തന്നെ ഒഴിവാക്കി. എന്നാല്‍, പരിഭവങ്ങള്‍ ഒന്നും ഇല്ലാതെ സഞ്ജു ഇങ്ങനെ പറയും.

കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒറ്റ മത്സരം കളിക്കാനായില്ല സഞ്ജുവിന്. ഇനിയും സെലക്ടര്‍മാര്‍ ഒഴിവുകഴിവുകള്‍ പറയുമെങ്കിലും വിയര്‍പ്പുതുന്നിയിട്ട ആ കുപ്പായവുമായി പതിവ് ചിരിയോടെ അയാള്‍ വീണ്ടും പരിശ്രമിക്കും. ഈ പിറന്നാള്‍ ദിനത്തില്‍ ഏറ്റവും വലിയ ചര്‍ച്ച സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറുമോ എന്നാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അക്കാര്യത്തിലെ തീര്‍പ്പിനായും കാത്തിരിക്കാം.

You cannot copy content of this page