കൊച്ചി: കൊച്ചിയിൽ ഒന്നര മണിക്കൂറിൽ പെയ്തത് 98 മില്ലീമീറ്റർ മഴ. മേഘവിസ്ഫോടനം ആകാമെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞർ പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്‍റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
കുസാറ്റിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. എസ് അഭിലാഷിന്‍റെ പ്രതികരണം
“രാവിലെ 8.30ന് ശേഷം കൊച്ചിയിൽ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടെത്തി. 14 കിലോമീറ്റർ വരെയൊക്കെയുള്ള മേഘങ്ങളാണിത്. രാവിലെ 9.10 മുതൽ 10.10 വരെ കുസാറ്റിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 100 മില്ലീ മീറ്ററിനടുത്ത് മഴ രേഖപ്പെടുത്തി. കേരളത്തിൽ ആദ്യമായി രേഖപ്പെടുത്തുന്ന, മേഘവിസ്ഫോടനത്തിന്‍റെ യഥാർത്ഥ രൂപത്തിലുള്ള മഴയാണ് ഇന്ന് കൊച്ചിയിൽ ലഭിച്ചിരിക്കുന്നത്.
റേമൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനം കാരണം പശ്ചിമ തീരത്തെ കാറ്റിന്‍റെ വേഗം വർദ്ധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അറബിക്കടലിന്‍റെ മധ്യത്തിൽ രൂപപ്പെട്ട മേഘക്കൂട്ടങ്ങളുണ്ട്. നീരാവിയെയും വഹിച്ചുകൊണ്ടുള്ള വലിയ കാറ്റാണ് തീരപ്രദേശത്തേക്ക് കഴിഞ്ഞ മണിക്കൂറുകളിൽ എത്തുന്നത്. മണ്‍സൂണ്‍ കാലത്തെ കാറ്റിന്‍റെ പാറ്റേണും പ്രീ മണ്‍സൂണ്‍ കാലത്തെ മഴമേഘങ്ങളുടെ ഘടനയുമാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം”.
പെരുമഴയിൽ കൊച്ചിയിൽ കനത്ത വെളളക്കെട്ടുണ്ടായി. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി , തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊച്ചി ഇൻഫോപാർക്കിൽ വെളളക്കെട്ടിനെത്തുടർന്ന് ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സമയത്ത് എത്താനായില്ല. നഗരത്തോട് ചേർന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറി. ഫോർട്ടുകൊച്ചിയിൽ കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആർക്കും പരിക്കില്ല. കളമശേരിയിൽ വെളളം ഉയർന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.
കളമശ്ശേരിയിൽ സാഹിത്യകാരി പ്രൊഫ. എം ലീലാവതിയുടെ വീട്ടിൽ അടക്കം വെള്ളം കയറി. ലീലാവതി ടീച്ചറെ മകന്‍റെ വീട്ടിലേക്ക് മാറ്റി. നിരവധി പുസ്തകങ്ങള്‍ വെള്ളക്കെട്ടിൽ നശിച്ചു.