Breaking News

ബാർ കോഴ; അനിമോന്റെ മൊഴി രേഖപ്പെടുത്തി

Spread the love

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ ബാറുടമ അനിമോന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കോട്ടയം കുറവിലങ്ങാട് അനിമോന്റെ ഉടമസ്ഥതയിലുള്ള സാനിയോ ബാറിലെത്തിയായിരുന്നു മൊഴിയെടുപ്പ്. രാവിലെ 11 മണിമുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു.

പ്രധാനമായും ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന ശബ്ദ സന്ദേശം ആരുടേതാണെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എംബി രാജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരത്തു നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് മൊഴിയെടുത്തത്.

ബാർകോഴ വിവാദത്തിൽ ഓഫീസ് കെട്ടിടത്തിന് രണ്ടര ലക്ഷം പിരിച്ചെന്ന ബാറുടമകളുടെ വാദം തെറ്റാണെന്ന് തെളിഞ്ഞിരിന്നു. കെട്ടിടം വാങ്ങാൻ മാസങ്ങൾക്ക് മുമ്പ് തന്നെ നേതൃത്വം പണം ആവശ്യപ്പെട്ടിരുന്നു. അന്ന് ഒരു ലക്ഷം രൂപ വീതമാണ് അംഗങ്ങൾ നൽകിയിരുന്നത്. മദ്യ നയത്തിലെ ഇളവിനു വേണ്ടി രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടത് പുറത്തായപ്പോഴാണ് കെട്ടിടം വാങ്ങാനാണ് പണം ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് അസോസിയേഷൻ നേതാക്കൾ രംഗത്ത് എത്തിയിരുന്നത്.

കെട്ടിട ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ട് കൊണ്ടുള്ള കാർഡാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ബാർ ഉടമകളുടെ ഗ്രൂപ്പിൽ ഇതെ സംഘടന നേതാക്കൾ തന്നെ ഇട്ട കാർഡാണിത്. തിരുവനന്തപുരത്ത് സംഘടനക്ക് കെട്ടിടം വാങ്ങാൻ വേണ്ടി ഒരു ലക്ഷം നൽകണം എന്ന് ആ കാർഡിൽ കൃത്യമായി പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ സംഘടനയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ട്.

എന്നാൽ അനിമോന്റെ ശബ്ദസന്ദേശത്തിൽ പണം ആവശ്യപ്പെട്ടത് ഇടുക്കി ജില്ലയിലെ എല്ലാം അംഗങ്ങളോടുമാണ്. കെട്ടിടത്തിനായി നേരത്തെ ഒരു ലക്ഷം നൽകിയവരോടു തന്നെയാണ് രണ്ടര ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതെന്നാണ് വിവരം. 23ന് ചേർന്ന എക്‌സിക്യൂട്ടിവ് യോഗത്തിൽ പല അംഗങ്ങളും ഇതുമായി ബന്ധപ്പെട്ട് നേതൃത്വത്തെ ചോദ്യം ചെയ്തിരുന്നു.

You cannot copy content of this page